ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സര്‍വേ
ബി.ജെ.പിക്ക് തിരിച്ചടിയേറ്റ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു.
ചണ്ഡിഗഢ്: ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കരകയറാനാകില്ലെന്നു സൂചന. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുമായി കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരം പിടിക്കുമെന്നു പ്രവചിച്ചിരിക്കുകയാണു പുതിയ അഭിപ്രായ സര്‍വേ. പീപ്പിള്‍സ് പള്‍സ് ആണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
90 അംഗ നിയമസഭയില്‍ 43 മുതല്‍ 48 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 34 മുതല്‍ 39 വരെ സീറ്റുകളാണു ലഭിക്കുകയെന്നാണു പ്രവചനമുള്ളത്. മറ്റുള്ളവര്‍ക്ക് മൂന്നു മുതല്‍ എട്ടു വരെ സീറ്റും ലഭിക്കും. ആം ആദ്മി പാര്‍ട്ടിക്കും ബി.എസ്.പിക്കും പ്രാദേശിക പാര്‍ട്ടികളായ നാഷനല്‍ ലോക്ദളിനും ജനനായക് ജനതാ പാര്‍ട്ടിക്കുമെല്ലാം സീറ്റുകള്‍ ലഭിക്കുമെന്നും അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നുണ്ട്.
വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ 28 ശതമാനത്തിന്റെ വോട്ടുവിഹിതം ഇത്തവണ 44 ശതമാനമായി കുതിച്ചുകയറുമെന്നാണു പ്രവചനം. കഴിഞ്ഞ തവണത്തെ ബി.ജെ.പി വോട്ടുവിഹിതത്തില്‍ ചെറിയ മാറ്റമേ ഇത്തവണ ഉണ്ടാകൂ. 2019ല്‍ 36 ശതമാനം ആയിരുന്നത് ഇത്തവണ 41 ശതമാനത്തിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെയാണ് ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്; 40 ശതമാനം പേര്‍. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നായബ് സിങ് സൈനിയുടെ പ്രതിച്ഛായ ഇടിഞ്ഞെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സൈനിയെ പിന്തുണയ്ക്കുന്നവര്‍ 30 ശതമാനമാണ്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ ഒന്‍പത് ശതമാനം പേരും കോണ്‍ഗ്രസ് വനിതാ നേതാവ് കുമാരി സെല്‍ജയെ ഏഴു ശതമാനം പേരും പിന്തുണയ്ക്കുന്നു.
പരമ്പരാഗത വോട്ട് ബാങ്ക് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജാട്ട്, ദലിത് സമുദായങ്ങളെല്ലാം വീണ്ടും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കും. ഭൂരിപക്ഷം കര്‍ഷകരും പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഗ്രാമീണമേഖലയില്‍ 65 ശതമാനത്തോളം വരുന്ന കര്‍ഷകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് സര്‍വേ പറയുന്നത്.
ഒ.ബി.സി വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി തന്ത്രം ഇത്തവണ ഫലിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ബി.ജെ.പിയെ പിന്തുണച്ച ഒ.ബി.സി വോട്ടര്‍മാരില്‍ വലിയൊരു ശതമാനവും കോണ്‍ഗ്രസിനു വോട്ട് ചെയ്യും. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നായബ് സിങ് സൈനിക്ക് ആയില്ലെന്ന വികാരം അവര്‍ക്കിടയിലുണ്ട്.
കര്‍ഷക പ്രശ്‌നങ്ങള്‍ തന്നെയാണു തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയം. ഇതോടൊപ്പം തൊഴിലില്ലായ്മയും അഗ്നിവീര്‍ പദ്ധതിയും ചര്‍ച്ചകളില്‍ ഇടംപിടിക്കും. സിറ്റിങ് എം.എല്‍.എമാരുടെ മോശം പ്രകടനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
2019ല്‍ ബി.ജെ.പിക്ക് 40 സീറ്റാണ് ലഭിച്ചിരുന്നത്. ജനനായക് ജനതാ പാര്‍ട്ടിയുടെയും ഏഴ് സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയിലാണ് ബി.ജെ.പി അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് 31ഉം ജെ.ജെ.പിക്ക് പത്തും സീറ്റാണു ലഭിച്ചിരുന്നത്. പ്രതീക്ഷിക്കപ്പെടുന്ന മുന്നേറ്റമുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഒരുപക്ഷേ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന തരത്തിലേക്കും എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയും സ്വതന്ത്രന്മാരുമെല്ലാം കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ഭരണം പിടിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ വര്‍ഷം അവസാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്. ബി.ജെ.പിക്ക് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. അഞ്ച് സീറ്റ് നഷ്ടമായി ബി.ജെ.പി പത്ത് സീറ്റിലൊതുങ്ങുകയും ചെയ്തിരുന്നു. ഇതേ ട്രെന്‍ഡ് തന്നെ കുറച്ചുകൂടി ശക്തമായി നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
Summary: BJP to lose Haryana and congress to gain as per Peoples Pulse mood survey prediction