'വയനാട് ഉരുൾപൊട്ടലിന് കാരണം പശുക്കശാപ്പ്'; ഗോഹത്യ നിർത്തിയില്ലെങ്കിൽ ദുരന്തമാവർത്തിക്കുമെന്ന് ബി.ജെ.പി നേതാവ്
നേരത്തെ, നിരവധി ഹിന്ദുത്വവാദികൾ സോഷ്യൽമീഡിയകളിലൂടെ ഇത്തരം വിദ്വേഷവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
ജയ്പ്പൂർ: രാജ്യത്തെ തന്നെ ഞെട്ടിച്ച് 360ലേറെ ആളുകൾക്ക് ജീവൻ നഷ്ടമായ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു നാടൊന്നാകെ കേഴുമ്പോൾ വിദ്വേഷ വാദവുമായി മുതിർന്ന ബി.ജെ.പി നേതാവ്. ദുരന്തത്തിന് കാരണം പശുക്കശാപ്പാണെന്നാണ് മുൻ ബി.ജെ.പി എം.എൽ.എ ഗ്യാൻദേവ് അഹൂജയുടെ വാദം.
'വയനാട്ടിലെ ഉരുൾപൊട്ടൽ പശുക്കശാപ്പിന്റെ നേരിട്ടുള്ള അനന്തരഫലമാണ്. കേരളത്തിൽ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ തുടരും. അതിനുള്ള മുന്നറിയിപ്പാണിത്'- അഹൂജ അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡ‍്, ഹിമാചൽപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും വലുതൊന്നും സംഭവിക്കുന്നില്ലെന്നും അഹൂജ പറഞ്ഞു.
'2018 മുതൽ, ഗോഹത്യയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുകയാണ്. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരും'- അഹൂജ കൂട്ടിച്ചേർത്തു. നേരത്തെ, നിരവധി ഹിന്ദുത്വവാദികൾ സോഷ്യൽമീഡിയകളിലൂടെ ഇത്തരം വാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
മുസ്‌ലിം വിഭാഗത്തെയും, വയനാട്ടിലെ ജനതയെയും കേരളത്തേയും അപമാനിക്കുന്ന കമന്റുകളാണ് ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണം നടത്തുന്ന മാധ്യമമായ തത്വ ഇന്ത്യയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച വാർത്തയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. 'ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷയാണ് ഇത്', 'ഇനിയും നിങ്ങൾ ബീഫ് കഴിക്കുമോ?', 'എവിടെയാണ് പപ്പു', 'ഇനി കേന്ദ്രത്തോട് സഹായം ചോദിക്കേണ്ട...' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഉണ്ടായത്.
ബീഫ് കഴിക്കുന്നത്, ഫലസ്തീനെ അംഗീകരിക്കൽ, മലപ്പുറത്തെ ജനസംഖ്യ, ഹിന്ദി അംഗീകരിക്കാതിരിക്കൽ, ക്രിസ്തുമതം പിന്തുടരുന്നത്, ഇസ്‌ലാം മതവിശ്വാസം, ബി.ജെ.പിയുടെ തോൽവി, കോൺഗ്രസിന്റെ വിജയം, സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പ് എന്നിവയാണ് പ്രധാനമായും ദുരന്തത്തിന് കാരണമായി ഹിന്ദുത്വവാദികൾ ഉന്നയിക്കുന്ന വിഷയങ്ങൾ. വയനാട്ടിൽ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും ചിലർ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തെ നേരിടാൻ ഒറ്റമനസോടെയുള്ള പ്രവർത്തനമാണ് മനുഷ്യസ്നേഹികൾ നടത്തുന്നത്. ആദ്യനിമിഷം മുതൽ സന്നദ്ധസംഘടനാ പ്രവർത്തകരും വിവിധ സേനകളും നാട്ടുകാരുമുൾപ്പെടെ ശക്തമായ രക്ഷാപ്രവർത്തനമാണ് നടത്തിവരുന്നത്. ഇതിനോടകം 361 പേരാണ് മരിച്ചത്. ഇനിയും നിരവധി കണ്ടെത്താനുണ്ട്. കാണാതായവരെ കണ്ടെത്താൻ, മണ്ണിലടിയിലെവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശഷിക്കുന്നുണ്ടോ എന്നറിയാനും രക്ഷപെടുത്താനും കൈമെയ് മറന്നുള്ള രക്ഷാദൗത്യമാണ് ദുരന്തഭൂമിയിൽ നടക്കുന്നത്. ഇതിനിടെ ദുരിതബാധിതർക്ക് കൈത്താങ്ങായി സഹായപ്രഖ്യാപനങ്ങളും അവശ്യസാധനങ്ങളെത്തിക്കലും തുടരുകയാണ്.