'മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര സേനകൾ പരാജയം; നീക്കണമെന്ന് ബിജെപി എംഎൽഎ

16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ കേന്ദ്ര സേനകൾക്ക് ​ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമർശിച്ചു

Update: 2024-09-04 09:34 GMT
BJP MLA criticises central forces failure to restore peace in Manipur
AddThis Website Tools
Advertising

ഇംഫാൽ: മണിപ്പൂരിൽ തുടരുന്ന സംഘർഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ. കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങൾ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിങ് ആണ് രം​ഗത്തുവന്നത്.

സംഘർഷ ബാധിത പ്രദേശങ്ങളിൽ നിലവിൽ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേ​ഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. പശ്ചിമ ഇംഫാലിൽ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ ഇടപെടൽ.

16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ കേന്ദ്ര സേനകൾക്ക് ​ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമർശിച്ചു. '60,000ലേറെ വരുന്ന കേന്ദ്ര സേനകൾ മണിപ്പൂരിലുണ്ടായിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയും ഈ സേനകൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ, അവരെ ഉടൻതന്നെ ഇവിടെ നിന്ന് നീക്കം ചെയ്ത് പകരം സംസ്ഥാന സർക്കാരിന് സുരക്ഷാ ചുമതലകൾ കൈമാറുന്നതാണ് നല്ലത്'- അമിത് ഷായ്ക്കെഴുതിയ കത്തിൽ സിങ് വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കാൻ നിയമപ്രകാരമുള്ള നടപടികൾ നടപ്പാക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു. 'നിസ്സഹകരണ യൂണിറ്റുകളെ ഇതിനോടകം നീക്കം ചെയ്തതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ കേന്ദ്ര സേനയ്ക്ക് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിനു സംസ്ഥാന സേനയെ അനുവദിക്കണം'- സിങ് കത്തിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം ഇംഫാൽ വെസ്റ്റ് മേഖലയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധരായ സംഘം ഡ്രോണുകളിൽനിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പ്രശ്‌നബാധിത മേഖലകളിൽ അതീവശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 

ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രകാരം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. മണിപ്പൂരിൽ‌ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 220ലേറെ പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News