ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്നത് തേജസ്വി സൂര്യയെന്ന് ദൃക്സാക്ഷി
സംഭവത്തിൽ തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്നും വിമാനം രണ്ട് മണിക്കൂർ വൈകിയെന്നും യാത്രക്കാരൻ
ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി എക്സിറ്റ് യാത്രക്കാരന്‍ തുറന്നുവെന്ന് സ്ഥിരീകരിച്ച് ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ആരാണ് തുറന്നതെന്ന് ഡി.ജി.സി.എയോ ഇന്‍ഡിഗോയോ വെളിപ്പെടുത്തിയില്ല. അതേസമയം ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി എക്സിറ്റ് തുറന്നതെന്ന് ദൃക്സാക്ഷി പറഞ്ഞതായി ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി.
2022 ഡിസംബർ 10ന് ചെന്നൈ - ട്രിച്ചി ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനയാത്രയിലെ സുരക്ഷാ പ്രോട്ടോകോളിനെ കുറിച്ച് ജീവനക്കാര്‍ വിശദീകരിക്കുന്നതിനിടെയാണ് തേജസ്വി സൂര്യ എമര്‍ജന്‍സി എക്‌സിറ്റ് വലിച്ച് തുറന്നതെന്ന് യാത്രക്കാരന്‍ പറഞ്ഞു. തേജസ്വി സൂര്യ എമര്‍ജന്‍സി എക്സിറ്റിന് സമീപമാണ് ഇരുന്നത്. എംപി എമര്‍ജന്‍സി എക്‌സിറ്റ് വലിച്ച് തുറന്നതിന് പിന്നാലെ എല്ലാവരെയും വിമാനത്തില്‍ നിന്ന് ഇറക്കി ഒരു ബസിലേക്ക് മാറ്റിയെന്നും യാത്രക്കാരന്‍ പറഞ്ഞു. ഇന്‍ഡിഗോ അധികൃതരും സിഐഎസ്എഫും സംഭവ സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം പറന്നത്. തേജസ്വി സൂര്യ രേഖാമൂലം മാപ്പ് പറഞ്ഞെന്നും ഇന്‍ഡിഗോ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇതുവരെ ഇന്‍ഡിഗോ തയ്യാറായിട്ടില്ല.
ക്ഷമാപണത്തിന് ശേഷം തേജസ്വി സൂര്യയെ അതേ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തെ മറ്റൊരു സീറ്റിലേക്ക് മാറ്റിയെന്നാണ് വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നത്- "എംപിയെ എമർജൻസി എക്സിറ്റിന് സമീപമുള്ള സീറ്റില്‍ നിന്ന് മാറ്റി. പിന്നിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എം.പിക്കൊപ്പം തമിഴ്‌നാട് ബി.ജെ.പി പ്രസിഡൻറ് കെ.അണ്ണാമലൈയും ഉണ്ടായിരുന്നു"- യാത്രക്കാരൻ പറഞ്ഞു.
"ഭാഗ്യവശാൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പാണ് എമര്‍ജന്‍സി എക്സിറ്റ് തുറന്നത്. വിമാനം പറന്നതിന് ശേഷമാണ് ഇത്തരമൊരു സംഭവമുണ്ടായതെങ്കില്‍ അത് അപകടമായേനെ. വിമാനത്തിൽ പ്രായമായ ഒട്ടേറെ യാത്രക്കാർ ഉണ്ടായിരുന്നു"- പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത യാത്രക്കാരന്‍ പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബർ 29ന് തമിഴ്‌നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജി ട്വീറ്റ് ചെയ്തതോടെയാണ് എമര്‍ജന്‍സി എക്സിറ്റ് തുറന്ന വിവരം പുറത്തുവന്നത്.