ഹിമാചലിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏകസിവിൽകോഡ് കൊണ്ടുവരുമെന്ന് ബിജെപി

ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 6 ദിവസം മാത്രമാണ്

Update: 2022-11-06 06:36 GMT
Advertising

ഹിമാചൽ പ്രദേശിൽ സംസ്ഥാന തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ ഏകസിവിൽകോഡ് വാഗ്ദാനവുമായി ബിജെപി. സംസ്ഥാനത്ത് വീണ്ടും ഭരണത്തിലെത്തിയാൽ ഏകസിവിൽകോഡ് നടപ്പാക്കുമെന്നാണ് വാഗ്ദാനം. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാന വാഗ്ദാനം ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഹിന്ദു വോട്ട് നേടാനുള്ള ഗിമ്മിക്കാണിതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഏകസിവിൽ കോഡ് സംസ്ഥാന സർക്കാറല്ല, കേന്ദ്രസർക്കാറാണ് കൊണ്ടുവരേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് പുതിയ അഞ്ചു മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നും ഗവൺമെൻറ് ജീവനക്കാരുടെ ശമ്പളത്തിലുള്ള വിവേചനം ഒഴിവാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു. എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കർഷരെയും യുവതയെയും ശാക്തീകരിക്കുമെന്നും പറഞ്ഞു. സർക്കാർ ജോലികളിൽ 33 ശതമാനം സംവരണം വനിതകൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 6 ദിവസം മാത്രമാണ്. പ്രചാരണം ശക്തമാക്കി വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടികൾ. വമ്പൻ വാഗ്ദാനങ്ങൾ പ്രതീക്ഷിക്കുന്ന ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. തൊഴിലവസരങ്ങൾ, സ്ത്രീ ശാക്തീകരണം, വികസനം തുടങ്ങി വോട്ടർമാരെ സ്വാധീനിക്കാൻ പോന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രചാരണത്തിന് എത്തിയത് ഹിമാചലിലെ ബിജെപി ക്യാമ്പിന് ആവേശം കൂട്ടിയിട്ടുണ്ട്.

53 സീറ്റുകളിൽ മത്സരിക്കുന്ന ബിഎസ്പി സ്ഥാനാർത്ഥികൾക്ക് പിന്തുണയുമായി പാർട്ടി അധ്യക്ഷ മായാവതി ഇന്ന് ഷിംലയിൽ എത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമെത്തും. സംസ്ഥാനത്തെ മൂന്നാമത്തെ ഒറ്റക്കക്ഷിയാകാനുളള ശ്രമത്തിലാണ് ബിഎസ്പി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ഹിമാചലിൽ എത്തും. 2017 ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ബിജെപിയും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തി ആം ആദ്മി പാർട്ടിയും മത്സരംഗത്തുണ്ട്.

അതിനിടെ, വിവിധ സംസ്ഥാനങ്ങളിലായി ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുകയാണ്. ഇവ ഹിമാചൽ പ്രദേശ് - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലം ബാധിക്കും. ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശനം ഉയർന്നിരുന്നു.

ബോധപൂർവമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാർ അവകാശപ്പെട്ടു. കാലാവസ്ഥ, നിയമസഭയുടെ കാലാവധി, പെരുമാറ്റച്ചട്ടം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി. 110 ദിവസംമുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏതാനും ദിവസംമുമ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, മോർബി ദുരന്തം കാരണം മാറ്റേണ്ടി വന്നു- രാജീവ് കുമാർ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് കമീഷൻ ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

BJP will bring Uniform civil code if it comes back to power in Himachal

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News