കേരളത്തിലും ബം​ഗാളിലും ബി.ജെ.പി ഉടൻ അധികാരത്തിലെത്തും; ത്രിപുര മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ വികസനങ്ങൾ മൂലമാണ് ഒഡിഷയിൽ ബിജെപി വിജയം നേടിയതെന്നും സാഹ അവകാശപ്പെട്ടു.

Update: 2024-07-06 12:38 GMT
Advertising

അ​ഗർത്തല: കേരളത്തിലും പശ്ചിമബം​ഗാളിലും ബി.ജെ.പി ഉടൻ അധികാരത്തിലെത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. വികസന പ്രവർത്തനങ്ങളോടുള്ള പാർട്ടിയുടെ പ്രതിബദ്ധതയിൽ ഈ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും സാഹ അവകാശപ്പെട്ടു.

“വികസന പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയിലൂടെ പൊതുജനങ്ങളിൽ ബി.ജെ.പിയോടുള്ള വിശ്വാസം വർധിപ്പിച്ച് ഉടൻ തന്നെ പശ്ചിമ ബംഗാളിലും കേരളത്തിലും സർക്കാർ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷ”- അഗർത്തലയിലെ ബർദോവാലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ സാഹ പറഞ്ഞു.

പശ്ചിമബം​ഗാളിൽ മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാനത്ത് ബിജെപി രാഷ്ട്രീയ റാലികൾ നടത്തുന്നത് തടയാൻ പൊലീസിനെ ഉപയോഗിച്ചെങ്കിലും പിന്നീട് അവരെ വിട്ടയച്ചെന്ന് സാഹ ആരോപിച്ചു.

നമ്മൾ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പിന്നെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ജനങ്ങളുടെ വികസനത്തിനായി പാർട്ടി ശ്രമിക്കുമ്പോൾ വോട്ടർമാരെ എന്തിന് തടയണം? ഞങ്ങൾ ഈ രീതി ഇല്ലാതാക്കിയെങ്കിലും പശ്ചിമബംഗാളിൽ ഇത് ഇപ്പോഴും തുടരുകയാണ്”- സാഹ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വികസനങ്ങൾ മൂലമാണ് ഒഡിഷയിൽ ബിജെപി വിജയം നേടിയതെന്നും പശ്ചിമബംഗാളിലും കേരളത്തിലും ഈ വിജയം ഉടൻ ആവർത്തിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സാഹ അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റുകളിൽ ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയിച്ചത്. 24 വർഷത്തെ ബിജെഡി ഭരണത്തിന് വിരാമമിട്ടായിരുന്നു ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News