ഞെട്ടരുത്; സൗത്ത് ​ഗോവയിലെ ബിജെപി സ്ഥാനാർഥിയുടെ ആസ്തി 250 കോടിയിലേറെ

ഡെംപോ ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ പല്ലവി കോൺഗ്രസിൻ്റെ വിരിയാറ്റോ ഫെർണാണ്ടസിനെതിരെയാണ് മത്സരിക്കുന്നത്.

Update: 2024-04-17 16:07 GMT
Advertising

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കോടീശ്വര സ്ഥാനാർഥികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ​ഗോവയിലേക്ക്. സൗത്ത് ഗോവാ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പല്ലവി ഡെംപോയ്ക്കാണ് ഞെട്ടിക്കുന്ന ആസ്തി. വ്യവസായി ശ്രീനിവാസ് ഡെംപോയുടെ ഭാര്യയായ പല്ലവിക്ക് 250 കോടിയിലധികം ആസ്തി ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന സ്വത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 217.11 കോടിയുടെ ബോണ്ടുകൾ, ഏകദേശം 12.92 കോടി സമ്പാദ്യം, ഏകദേശം 2.54 കോടിയുടെ വാഹനങ്ങൾ, ഏകദേശം 5.69 കോടിയുടെ സ്വർണം, ഏകദേശം 9.75 കോടി വിലമതിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളുടെ വിവരമാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്.

ഡെംപോ ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ പല്ലവി ഡെംപോ കോൺഗ്രസിൻ്റെ വിരിയാറ്റോ ഫെർണാണ്ടസിനെതിരെയാണ് മത്സരിക്കുന്നത്. പല്ലവി ഡെംപോയ്‌ക്കൊപ്പം, നോർത്ത് ഗോവയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ശ്രീപദ് നായികും ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇരുവരും നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. മേയ് ഏഴിന് ഒറ്റ ഘട്ടമായാണ് ഗോവയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, മഥുര പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ഹേമമാലിനിയുടെ ആസ്തി 142 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പറയുന്നു. മഥുരയില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവർ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ ഹേമമാലിനിയുടെ സ്വത്ത് 114 കോടി രൂപയായിരുന്നു.

രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ജ്യോതി മിർധയ്ക്ക് 126 കോടി രൂപയുടെ ആസ്തിയാണുള്ളത്. എന്നാൽ സ്വന്തമായി കാറില്ല. ലൈസൻസുള്ള ഒരു തോക്കും പിസ്റ്റളും മിർധയുടെ പക്കലുണ്ട്. ജയ്പൂർ, ഗുരുഗ്രാം, മുംബൈ, നാഗൗർ എന്നിവിടങ്ങളിൽ പ്ലോട്ടുകളും ഫ്ലാറ്റുകളും കാർഷിക ഫാമുകളും ഉണ്ട്. കൈവശം 1.70 ലക്ഷം രൂപ പണമായും ഭർത്താവിൻ്റെ പക്കൽ 1.40 ലക്ഷം രൂപയുമുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News