'പരസ്യത്തിലെ കച്ചവടക്കാരന്‍റെ പേര് ദാമോദര്‍': കാഡ്ബെറി ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്‍റെ പേര് കച്ചവടക്കാരന് നല്‍കിയെന്നാണ് ആരോപണം.

Update: 2022-10-30 07:00 GMT
Advertising

കാഡ്ബെറിയുടെ ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം. കാഡ്ബെറിയുടെ ദീപാവലി സ്പെഷ്യല്‍ പരസ്യത്തെ ചൊല്ലിയാണ് വിവാദം. #BoycottCadbury ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായി.

കാഡ്ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്‍റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്‍റെ പേര് കച്ചവടക്കാരന് നല്‍കിയെന്നാണ് ആരോപണം.

ഭഗ്‍വ ക്രാന്തി സേന ദേശീയ പ്രസിഡന്‍റ് പ്രാചി സാധ്വി ട്വീറ്റ് ചെയ്തതിങ്ങനെ- "ടെലിവിഷന്‍ ചാനലുകളിൽ കാഡ്ബെറി ചോക്ലേറ്റിന്‍റെ പരസ്യം നിങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വിൽപനക്കാരന്‍റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്".

പിന്നാലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ രണ്ടുതട്ടിലായി. ചിലര്‍ ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മറ്റുചിലര്‍ പരസ്യത്തെ അനുകൂലിച്ച് രംഗത്തെത്തി. 'സൂക്ഷ്മമായി നിരീക്ഷിച്ചു, നല്ല പരസ്യം' എന്നാണ് ചിലരുടെ കമന്‍റ്.

കാഡ്ബെറി ഇന്ത്യയിൽ വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ചോക്ലേറ്റായ ഡയറി മിൽക്കിൽ ബീഫ് ചേര്‍ക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ആരോപണമുയര്‍ന്നു. ഇന്ത്യയില്‍ കാഡ്ബെറി ചോക്ലേറ്റുകള്‍ നിരോധിക്കണമെന്നുവരെ ആവശ്യമുയര്‍‌ന്നു. പിന്നാലെ ഇന്ത്യയിൽ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന കാഡ്ബെറിയുടെ എല്ലാ ചോക്ലേറ്റുകളും വെജിറ്റേറിയൻ ആണെന്ന് കമ്പനി വിശദീകരിച്ചു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News