'ഭ്രാന്തനായി ചിത്രീകരിച്ചു, പൂട്ടിയിട്ടു': ആമിര്‍ ഖാനെതിരെ സഹോദരന്‍
'ഒരുപാടു വർഷം നിയമ പോരാട്ടം നടത്തി. അവസാനം ഞാൻ ജയിച്ചു'
ബോളിവുഡ് താരം ആമിർ ഖാനെതിരെ ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. ആമിർ ഖാന്‍ തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും മാനസികരോഗിയായി ചിത്രീകരിച്ചെന്നും ഫൈസൽ ആരോപിച്ചു. തന്‍റെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ആമിര്‍ ശ്രമിച്ചെന്നും ഫൈസല്‍ പറഞ്ഞു.
ടൈംസ് നൗ നവഭാരതിനോടാണ് ഫൈസല്‍ ഖാന്‍റെ പ്രതികരണം- "ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കു മുമ്പിൽ പറയണമെന്നായിരുന്നു ആമിറിന്‍റെ ആവശ്യം. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതോടെയാണ് വീടുവിട്ട് പോകാൻ ഞാൻ തീരുമാനിച്ചത്".
ആമിര്‍ ഖാനൊപ്പം മേള എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് ഫൈസല്‍ ഖാന്‍- "കുടുംബവുമായി ഞാൻ അകലം പാലിച്ചു. അവര്‍ എനിക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് പറഞ്ഞുപരത്തി. അവരെന്നെ പൂട്ടിയിട്ടു. ചില മരുന്നുകൾ കുടിപ്പിക്കാന്‍ തുടങ്ങി. എന്‍റെ ഫോണ്‍ എടുത്തുമാറ്റി. എന്നെ നോക്കാനായി ആമിർ കാവൽക്കാരെ ഏർപ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം ഞാൻ പ്രതിഷേധിക്കാൻ തുടങ്ങി".
"വീട് വിട്ട് പൊലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്ക് ഞാന്‍ പോയി. സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി ഞാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥാപിക്കാൻ എന്റെ കുടുംബം ശ്രമിച്ചെന്ന് ആ സുഹൃത്ത് എന്നോട് പറഞ്ഞു. കോടതിയിൽ സർക്കാർ ആശുപത്രിയിലെ പരിശോധന മാത്രമേ കണക്കിലെടുക്കൂ. തുടർന്ന് ഞാൻ സർക്കാർ ആശുപത്രിയിൽ പരിശോധനക്ക് വിധേയനായി. ഒരുപാടു വർഷം നിയമ പോരാട്ടം നടത്തി. അവസാനം ഞാൻ ജയിച്ചു. എനിക്ക് ഭ്രാന്തില്ലെന്ന് കോടതി വിധിച്ചു. പിതാവ് എനിക്ക് പിന്തുണ നല്‍കി"