'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ പ്രവേശിക്കാൻ ബിഎസ്എഫ് സഹായിക്കുന്നു'; ഗുരുതര ആരോപണവുമായി മമത
വ്യാജ പാസ്‌പോർട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏഴുപേരെ കഴിഞ്ഞ ദിവസം ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊൽക്കത്ത: അതിർത്തി സംരക്ഷണ സേനയായ ബിഎസ്എഫിന് എതിരെ ഗുരുതര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ബംഗാളിലേക്ക് കടക്കുന്നത് ബിഎസ്എഫിന്റെ അനുവാദത്തോടെയാണെന്ന് മമത ആരോപിച്ചു. ഇസ്‌ലാംപൂർ, സിതായ്, ചോപ്ര തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലൂടെ ഗുണ്ടകളെ ബംഗാളിൽ പ്രവേശിക്കാൻ അനുവദിക്കുകയാണെന്നും ബംഗാളിനെ അസ്വസ്ഥപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഇതെന്നും മമത ആരോപിച്ചു.
മമതയുടെ ആരോപണത്തോട് ബിഎസ്എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ സംരക്ഷണ ചുമതല അർധ സൈനിക വിഭാഗമായ ബിഎസ്എഫിനാണ്. ഷെയ്ഖ് ഹസീന സ്ഥാന ഭ്രഷ്ടയാക്കപ്പെട്ടതോടെ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് തടയാൻ ബംഗാൾ, അസം അതിർത്തികളിൽ ബിഎസ്എഫ് ജാഗ്രത ശക്തമാക്കിയിരുന്നു.
വ്യാജ പാസ്‌പോർട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏഴുപേരെ കഴിഞ്ഞ ദിവസം ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ബംഗാളിലേക്ക് പ്രവേശിക്കാൻ വേണ്ടിയാണ് ഇവർ പാസ്‌പോർട്ടുകൾ നൽകിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. 2,272 കിലോമീറ്റർ ദൂരമാണ് പശ്ചിമ ബംഗാൾ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. അസം, ത്രിപുര, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നുണ്ട്.