പാർലമെന്‍റ് സമ്മേളനം 31 ന് ആരംഭിക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന്
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനമാണ് പത്ത് ദിവസം ചേരുന്നത്
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പത് വരെ സമ്മേളനം നീളും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുമെന്നാണ് സൂചന.
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനമാണ് പത്ത് ദിവസം ചേരുന്നത്. സഭയുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കവെ സർക്കാർ ചെലവിനുള്ള വോട്ട് ഓൺ അകൗണ്ട് മാത്രമാണ് പാസാക്കാൻ കഴിയുക . മെയ് മാസത്തിൽ ചുമതല ഏൽക്കുന്ന സർക്കാരാണ് ആദ്യ സഭാ സമ്മേളനത്തിൽ പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടത് . എന്നാൽ ഫെബ്രുവരി ഒന്നിന് സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുകയാണ് ധനകാര്യ മന്ത്രി നിർമല സീതാരാമന്‍റെ ലക്ഷ്യം.
31 നു ആരംഭിക്കുന്ന സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സംസാരിക്കും. കഴിഞ്ഞ സമ്മേളന കാലത്തേക്ക് മാത്രം സസ്പെൻഡ് ചെയ്തു പുറത്ത് നിർത്തിയിരിക്കുന്ന അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കാം . നടപടി നേരിട്ടവരിൽ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിട്ടവരുടെ കാര്യം വ്യത്യസ്തമാണ്. കമ്മിറ്റി റിപ്പോർട്ട് 31 മുൻപ് അനുകൂലമായി എത്തിയില്ലെങ്കിൽ രാജ്യസഭയിലും ലോക്സഭയിലുമുള്ള നിരവധി പ്രതിപക്ഷ എംപിമാർക്ക് പങ്കെടുക്കാൻ കഴിയില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് എട്ടാം തീയതി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പാസാക്കേണ്ട ബില്ലുകൾ ഒന്നും അവസാന സമ്മേളനത്തിലേക്ക് ലിസ്റ്റ് ചെയ്‌തിട്ടില്ല. വിടവാങ്ങൽ ചടങ്ങ് എന്ന നിലയിൽ ഒതുങ്ങുകയാണ് സാധാരണ അവസാന സമ്മേളനങ്ങളിലെ പതിവ്.