മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന ആപ്പ്: മുഖ്യപ്രതി വനിത, കസ്റ്റഡിയിൽ
ഇന്നലെ കേസിൽ അറസ്റ്റിലായ 21കാരനും യുവതിയും പരസ്പരം അറിയാമെന്ന് പൊലീസ്
'ബുള്ളി ബായ്' ആപ്പ് വഴി മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തെന്ന് മുംബൈ പൊലീസ്. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. മുംബൈ സൈബർ സെൽ വിഭാഗം യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ കേസിൽ അറസ്റ്റിലായ 21കാരൻ വിശാൽ കുമാറും യുവതിയും പരസ്പരം അറിയുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി മൂന്നു അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നയിച്ചത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖൽസാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബർ 31ന് മറ്റു അക്കൗണ്ടുകളും ഇയാൾ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖൽസ പേരുകളിലേക്ക് മാറ്റി. 'ബുള്ളിബായ്' എന്ന ട്വിറ്റർ ഹാൻഡിൽ വഴിയും ആപ്പിന്റെ പ്രചാരണം നടത്തിയിരുന്നു. ഖാലിസ്ഥാനി ചിത്രമാണുണ്ടായിരുന്നത്.
എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാറിനെ ബംഗളൂരുവിൽ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയിരുന്നത്. ഇയാളെ ബാന്ദ്ര കോടതി ജനുവരി പത്തു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് ആപ്പിൽ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ ക്യാമ്പെയിൻ തുടങ്ങിയത്. സുള്ളി ഡീൽസ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.
#UPDATE | 'Bulli Bai' app case: The 21-year-old man arrested by Mumbai Police Cyber Cell has been identified as Vishal Kumar. Main accused in the case is a woman detained from Uttarakhand. Both of the accused know each other: Mumbai Police https://t.co/GcjJRj0xaF
— ANI (@ANI) January 4, 2022
ദ വയർ, ദ ഹിന്ദു, ന്യൂസ്ലോൺഡ്രി അടക്കമുള്ള മാധ്യമങ്ങൾക്കു വേണ്ടി റിപ്പോർട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്ലിം വിദ്വേഷ ക്യാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോകൾ ചേർത്തുവച്ച് ബുള്ളി ബായ് ആപ്പിൽ വിൽപ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ ലേലത്തിനെന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നു. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ സുള്ളി ഡീല്‍സിലും ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് വില്‍പനയ്ക്കു വച്ചിരുന്നു.
സംഭവം വിവാദമായതോടെ ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് മുംബൈ പൊലീസ് ഒരാളെ പിടികൂടിയത്. സമൂഹത്തിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ. സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഡൽഹി പൊലീസും മുംബൈ പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അഞ്ചു മാസം മുൻപ് 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്.
Bully bai: Mumbai police say main accused woman taken into custody