രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: ശിവസേന എംഎൽഎക്കെതിരെ കേസ്

രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം.

Update: 2024-09-16 16:13 GMT
Advertising

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ ഷിൻഡെ വിഭാ​ഗം ശിവസേനാ എംഎൽഎക്കെതിരെ കേസ്.‌ ബുൽധാന മണ്ഡലം എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദാനിനെതിരെയാണ് ബുൽദാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. വാർത്താ സമ്മേളനം വിളിച്ചായിരുന്നു ഭീഷണി.

രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനായുള്ള മുറവിളികൾ ഉയരുമ്പോഴാണ് രാഹുൽ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്നായിരുന്നു സഞ്ജയ് ഗെയ്‌ക്‌വാദിന്റെ ആരോപണം.

ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യമാകണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ അത്തരത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ, രാഹുലിന്റെ പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസിനെതിരെ ആയുധമാക്കുകയായിരുന്നു ബിജെപി നേതാക്കൾ. രാഹുൽ സംവരണത്തിനെതിരെയാണ് സംസാരിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം. ഭരണഘടനാ വിരുദ്ധമായ പരാമർശമാണ് രാഹുൽ നടത്തിയതെന്നാരോപിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകറും രം​ഗത്തെത്തിയിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News