മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും
അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി
ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. സിസോദിയ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചു .
കേസ് രജിസ്റ്റർ ചെയ്തു ഒരു വർഷം തികയും മുൻപാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുൻപ് മനീഷ് സിസോദിയയെ അന്വേഷണ സംഘം രണ്ട് തവണയായി 15 മണിക്കൂർ ചോദ്യം ചെയ്തു. വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാകും ഡൽഹി റോസ് അവന്യൂ കോടതിയിൽ അന്വേഷണ സംഘം മനീഷ് സിസോദിയയെ ഹാജരാക്കുന്നത്. അതേസമയം മനീഷ് സിസോദിയയുടെ അറസ്റ്റിൽ ആം ആദ്മി പാർട്ടി പ്രവർത്തകരും നേതാക്കളും പ്രതിഷേധം ശക്തമാക്കുകയാണ്. രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. അഴിമതിയിലൂടെ സിസോദിയ സമ്പാദിച്ചു എന്ന് പറയപ്പെടുന്ന പണം അസംഖ്യം പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആം ആദ്മി പാർട്ടി ചോദിക്കുന്നു.
ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും ആം ആദ്മി പാർട്ടി ആലോചിക്കുന്നുണ്ട്. എന്നാൽ കേസിൽ അറസ്റ്റിലായ വിജയ് നായർ ഉൾപ്പടെയുള്ള പ്രതികളുടെ ആം ആദ്മി പാർട്ടി ബന്ധം മുൻനിർത്തിയാണ് ബി.ജെ.പി പ്രതിരോധം. കേസിലെ മറ്റ് പ്രതികൾ നൽകിയ മൊഴിയുടെയും അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ബി.ജെ.പി അവകാശപ്പെടുന്നു.