'മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ തയാർ'; സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ

'ഇന്ത്യ'യെന്ന പേരിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പാർലമെൻറ് സമ്മേളനമാണ് നാളെ നടക്കുക

Update: 2023-07-20 06:45 GMT
Advertising

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. വരുന്ന പാർലമെൻറ് സെഷനിൽ മണിപ്പൂർ സംഘർഷമടക്കമുള്ള വിഷയങ്ങൾ കോൺഗ്രസ് ഉയർത്തുമെന്ന് ജയ്‌റാം രമേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പാർലമെൻറ് സെഷൻ നാളെ തുടങ്ങാനിരിക്കെ സർക്കാർ വിവിധ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുകയായിരുന്നു. വിവിധ ബില്ലുകൾ പാസാക്കാനുള്ളതിനാൽ അവരുടെ സഹകരണം ഉറപ്പു വരുത്തുകയാണ് ബിജെപി സർക്കാറിന്റെ ലക്ഷ്യം, എന്നാൽ മണിപ്പൂർ കലാപം, തക്കാളിയുടെ വിലവർധനവ്, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയവയൊക്കെ പാർലമെൻറിൽ ഉന്നയിക്കാൻ ഒരുങ്ങി നിൽക്കുകയാണ് പ്രതിപക്ഷം.

'ഇന്ത്യ'യെന്ന പേരിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പാർലമെൻറ് സമ്മേളനമാണ് വ്യാഴാഴ്ച നടക്കുക. അടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിക്കും എൻഡിഎക്കുമെതിരെ യോജിച്ച് മുന്നേറാൻ ബംഗളൂരുവിൽ ചേർന്ന രണ്ടാം പ്രതിപക്ഷ സംഗമം പദ്ധതി ആസൂത്രണം ചെയ്തിരുന്നു.

മണിപ്പൂരിൽ സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്‌തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

മെയ്‌തെയ് വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികൾ രംഗത്തുവന്നതോടെയാണ് സംഘർഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിനു വഴിവെച്ചത്. നിരവധി പേർ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

ഓരോ ദിവസവും മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘർഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻറെ രാജിനാടകവും മണിപ്പൂർ ജനത കണ്ടിരുന്നു.

മണിപ്പൂർ സംഘർഷത്തിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപവുമായി ബന്ധപ്പെട്ട് 181 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 6745 പേർ കരുതൽ തടങ്കലിലാണ്.

central government in the all-party meeting said that it is ready to discuss the conflict in Manipur

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News