ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം
കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചത്
ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ സമരം.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ജന്തർ മന്തറില്‍ നടത്താനിരുന്ന സമരം കർഷക നേതാക്കൾ മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ ഗുസ്തി താരങ്ങളുമായി സംസാരിച്ചിരുന്നു. പിന്നാലെ താരങ്ങള്‍ റെയില്‍വേയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചു.
ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 28ന് രണ്ട് എഫ്.ഐ.ആറുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇതുവരെ 137 പേരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. അതിനിടെ ഇന്നലെ രാവിലെ ബ്രിജ് ഭൂഷന്റെ ഉത്തര്‍പ്രദേശിലെ ഔദ്യോഗിക വസതിയിൽ പ്രത്യേക അന്വേഷണ സംഘമെത്തി. എന്നാൽ ബ്രിജ് ഭൂഷന്‍ വസതിയിൽ ഉണ്ടായിരുന്നില്ല. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികള്‍ തടയാനുള്ള ശ്രമമാണ് ബ്രിജ് ഭൂഷന്‍ നടത്തുന്നത്.
അതേസമയം പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി മാറ്റിയെന്ന റിപ്പോർട്ടുകൾ താരങ്ങൾ നിഷേധിച്ചു. പരാതി പിൻവലിട്ടില്ലെന്നും സമരം തുടരുമെന്നും ഗുസ്തി താരം ബജ്‍രംഗ് പൂനിയ പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് കിസാൻ സഭ അറിയിച്ചു.