ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നിർദേശങ്ങളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനീകരണ തോത് 500 ന് മുകളിലാണ്

Update: 2021-11-09 15:26 GMT
Advertising

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ നിർദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ സൂചിക 500 കടന്നതിനെ തുടർന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടപെടൽ. മലിനീകരണം കൂട്ടുന്ന ക്രഷർ യൂണിറ്റുകൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്ന് ബോർഡ് നിർദേശിച്ചു. ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്‌സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കുറയ്ക്കണം, പ്രകൃതി വാതകം ഉപയോഗിച്ച് ഉൽപാദനം കൂട്ടണം തുടങ്ങിയ കാര്യങ്ങളും ബോർഡ് ഡൽഹി സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനീകരണ തോത് 500 ന് മുകളിലാണ്. അതേസമയം ഡൽഹിയിലെ വായുനില ചെറിയ തോതിൽ മെച്ചപ്പെട്ടു. ശക്തമായ കാറ്റും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതുമാണ് നില മെച്ചപ്പെടാൻ കാരണമായത്. ഡൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആയി. എന്നാൽ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് യമുനാ നദിയിൽ രൂപപെട്ട വിഷപ്പത തുടരുകയാണ്. ജലത്തിൽ അമോണിയത്തിന്റെ അളവ് കൂടിയതാണ് വിഷപ്പതയുണ്ടാകാൻ കാരണം.

നവംബർ 11 മുതൽ ഡിസംബർ 11 വരെ മാലിന്യം കത്തിക്കുന്നതിരെ പ്രചരണ പരിപാടികൾ നടത്താനാണ് ഡൽഹി സർക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളിൽ ബോധവൽക്കരണം നടത്തും. 10 വകുപ്പുകളിൽ നിന്നുള്ള 550 സംഘങ്ങൾക്ക് ഇതിന്റെ ചുമതല നൽകിയിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News