ആന്ധ്രാ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു 12 ന് സത്യപ്രതിജ്ഞ ചെയ്യും
നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യും. ചന്ദ്രബാബു നായിഡുവുന്റെ മകൻ ലോകേഷ് മന്ത്രിയാകും. നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. അധികാരത്തുടർച്ച തേടി വൈഎസ്ആർസിപി 174 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി. ബിജെപിയുമായും പവൻ കല്യാണിൻ്റെ ജനസേനാ പാർട്ടിയുമായും സഖ്യത്തിലാണ് ടിഡിപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലുമാണ് മത്സരിച്ചത്. 175 സീറ്റിലേക്ക് നടന്ന മത്സരത്തിൽ 134 സീറ്റിലും ടി.ഡി.പി വിജയിച്ചപ്പോൾ പവൻ കല്യാണിന്റെ ജനസേന 21 സീറ്റിലും ബി.ജെ.പി എട്ട് സീറ്റിലും ജയിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടി.ഡി.പി വൻ മുന്നേറ്റമാണ് നടത്തിയത്. 25 ൽ 16 സീറ്റിലും ടി.ഡി.പിയാണ് വിജയിച്ചത്.