യു.കെ ഇടഞ്ഞു; കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തി ഇന്ത്യ
വിദേശ യാത്ര നടത്തുന്നവർക്കായി കോവിൻ പോർട്ടൽ പരിഷ്‌കരിക്കും
യു.കെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തി ഇന്ത്യ. അടുത്ത ആഴ്ചയോടെ സർട്ടിഫിക്കറ്റിൽ ജനന തീയതിയും ഉൾപ്പെടുത്തും. നേരത്തെ വയസ്സ് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡപ്രകാരം വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനന തീയതിയും രേഖപ്പെടുത്തണം.
ഇന്ത്യയിൽ നിന്ന് യു.കെയിലേക്കുള്ള പുതുക്കിയ യാത്രാ മാർഗനിർദേശങ്ങളിൽ കോവിഡ് ഷീൽഡ് അംഗീകൃത വാക്‌സിനണെങ്കിലും മൂന്ന് ഡോസ് വാക്‌സിനും സ്വീകരിച്ച് വരുന്ന യാത്രക്കാർ 10 ദിവസം ക്വാറൻറൈൻ അനുഷ്ഠിക്കണം. വാക്‌സിനല്ല, ഇന്ത്യയുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് അധികൃതർ പറഞ്ഞിരുന്നു.
യു.കെയിൽ നിന്നുള്ള പുതുക്കിയ യാത്രാ മാർഗനിർദേശങ്ങളിൽ ഒക്ടോബർ നാലു മുതൽ ചില രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത ആരോഗ്യ ഏജൻസികളിൽ നിന്ന് മൂന്ന് വാകിസിനും സ്വീകരിച്ചവരെ പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചവരായി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഈ രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയില്ല. അതിനാലാണ് ഇന്ത്യൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്ന് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ ഇപ്പോഴും 10 ദിവസം ക്വാറൻറൈൻ അനുഷ്ഠിക്കേണ്ടി വരുന്നത്. ഇക്കാര്യം സംബന്ധിച്ച് ഇന്ത്യൻ അധികൃതരുമായി ചർച്ചയിലാണെന്നും വാക്‌സിനേഷൻ സംബന്ധിച്ച് ഇന്ത്യൻ യാത്രക്കാർക്കുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ബ്രിട്ടൻ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർട്ടിഫിക്കറ്റിലെ പുതിയ മാറ്റം.
വിദേശ യാത്ര നടത്തുന്നവർക്കായി കോവിൻ പോർട്ടൽ പരിഷ്‌കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.