എയിംസ് പരീക്ഷയിൽ കോപ്പിയടി; ഡോക്ടർമാരടക്കം അഞ്ച് പേർ അറസ്റ്റിൽ

കോപ്പിയടിയിൽ സഹായിച്ചാൽ 50 ലക്ഷം രൂപ വാഗ്ദാനം

Update: 2024-05-21 11:01 GMT
Advertising

ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പരീക്ഷയിൽ കോപ്പിയടിക്കാന്‍ ശ്രമിച്ചതിന് അഞ്ച് പേർ അറസ്റ്റിൽ.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിൽ (ഐഎൻഐ-സിഇടി) കോപ്പിയടിക്കാൻ മൂന്ന് ഉദ്യോഗാർത്ഥികളെ സഹായിച്ചതിനാണ് രണ്ട് ഡോക്ടർമാരുള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം.

പഞ്ചാബ് സ്വദേശി ഡോ. വൈഭവ് കശ്യപ് (23) ഹരിയാന സ്വദേശികളായ ഡോ അജിത് സിങ് (44), അമൻ സിവാച്ച് (24), വിപുൽ ഗൗര (31), ജയന്ത് (22) എന്നിവരാണ് പിടിയിലായത്.

 മൊബൈൽ ഫോണിലെടുത്ത ചോദ്യപേപ്പറിന്റെ ഫോട്ടോകൾ ആപ്പ് വഴി ഡോക്ടർമാർക്ക് നൽകുകയും അവർ ഉത്തരങ്ങൾ നൽകുകയുമായിരുന്നു. മൂന്ന് ഉദ്യോഗാർത്ഥികളും പ്രതികൾക്ക് 50 ലക്ഷം രൂപ വീതം വാഗ്ദാനം നൽകിയതായി ഡെറാഡൂൺ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 25 ലക്ഷം മുൻകൂട്ടി നൽകിയിട്ടുണ്ട്. ബാക്കി തുക പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ശേഷം നൽകാമെന്നായിരുന്നു ഉടമ്പടി.

പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാർത്ഥികളെ തട്ടിപ്പ് മാഫിയയിലെ ചിലർ സഹായിക്കുന്നുണ്ട് എന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് ടാബ്ലെറ്റ്, മൂന്ന് മൊബൈൽ ഫോണ്‍, രണ്ട് മെഡിക്കൽ പുസ്തകങ്ങൾ, പ്രതികൾ ഉപയോഗിച്ച കാർ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി എയിംസ് വർഷത്തിൽ രണ്ടുതവണ നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് ഐഎൻഐ-സിഇടി. ഞായറാഴ്ചയാണ്  പരീക്ഷ നടന്നത്. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News