'സ്റ്റാലിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു': നീറ്റ് പരീക്ഷാർത്ഥിയുടെ മരണത്തിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 21 വയസ്സുള്ള ദേവദർശിനി എന്ന നീറ്റ് പരീക്ഷാർത്ഥി ചെന്നൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്


ചെന്നൈ: ചെന്നൈയിലെ നീറ്റ് പരീക്ഷാർത്ഥിയുടെ ആത്മഹത്യയിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മരണനിരക്കിൽ സർക്കാരിനെ കുറ്റപ്പെടുത്തി എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി രംഗത്ത് വന്നു. നീറ്റ് പരീക്ഷാർത്ഥികളുടെ രക്തം സ്റ്റാലിന്റെ കൈകളിൽ പുരണ്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ഡിഎംകെ സർക്കാർ തമിഴ്‌നാട് വിദ്യാർത്ഥികളുടെ മെഡിക്കൽ സ്വപ്നങ്ങൾ നശിപ്പിക്കുന്നതിനുള്ള അടിത്തറ പാകി. അധികാരത്തിൽ വന്നാൽ തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷ ഉണ്ടാകില്ല എന്ന് കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്തു, തുടർച്ചയായ നീറ്റ് മരണങ്ങൾ ഡിഎംകെയെ ആശങ്കപ്പെടുത്തുന്നില്ല," പളനിസ്വാമി എക്‌സിൽ കുറിച്ചു. കോൺഗ്രസ് അധികാരത്തിൽ ഇരുന്ന 2013 ലാണ് രാജ്യത്ത് ആദ്യമായി നീറ്റ് പരീക്ഷ അവതരിപ്പിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 21 വയസ്സുള്ള ദേവദർശിനി എന്ന നീറ്റ് പരീക്ഷാർത്ഥി ചെന്നൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. മൂന്ന് തവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ ദേവദർശിനി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. മെയ് മാസത്തിൽ നാലാം തവണ നീറ്റ് എഴുതാൻ തയ്യാറെടുക്കുകയായിരുന്നു ദേവദർശിനി. വ്യാഴാഴ്ച നീറ്റ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയ ദേവദർശിനി തന്റെ ആശങ്കകളെക്കുറിച്ച് പിതാവിനോട് സംസാരിച്ചിരുന്നു.