'മാവോയിസ്റ്റ് ആക്രമണം'; ചത്തിസ്‍ഗഢില്‍ ഒരു ബി.ജെ.പി നേതാവ് കൂടി കൊല്ലപ്പെട്ടു

ഈ മാസം മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ചത്തിസ്ഗഢിൽ കൊല്ലപ്പെടുന്നത്

Update: 2023-02-13 09:36 GMT
Editor : Shaheer | By : Web Desk
Advertising

റായ്പൂർ: ചത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ബി.ജെ.പി നേതാവുകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രശ്‌നബാധിത പ്രദേശമായ ദന്തേവാഡയിലാണ് സംഭവം. ബി.ജെ.പി നേതാവായ രാംധർ അലാമിയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ആരോപിച്ചു.

ഈ മാസം ഇത് മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ചത്തിസ്ഗഢിൽ കൊല്ലപ്പെടുന്നത്. മൂന്നുപേരെയും മാവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പിയും പൊലീസും ആരോപിക്കുന്നത്.

43കാരനായ രാംധർ 2015 മുതൽ 2020 വരെ ഹിതാമേട്ടയിലെ സർപഞ്ചായിരുന്നു. ഒരു മതചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുംവഴിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വനത്തിൽനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ലഘുലേഖയും ലഭിച്ചതായി പൊലീസ് ആരോപിച്ചു. രാംധർ പൊലീസിനു വിവരം ചോർത്തിക്കൊടുക്കുന്നയാളാണെന്നും ബോധ്ഘട്ട് ഡാം പദ്ധതിയിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നും ലഘുലേഖയിൽ ആരോപിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

15 വർഷമായി സജീവ ബി.ജെ.പി പ്രവർത്തകനാണ് രാംധർ. 2018ൽ ബർസർ ഡിവിഷൻ ബി.ജെ.പിയുടെ അസിസ്റ്റന്റ് പ്രസിഡന്റായിരുന്നു.

ബി.ജെ.പി അവാപള്ളി ഡിവിഷൻ പ്രസിഡന്റായിരുന്ന നീലകാന്ത് കക്കം ഈ മാസം അഞ്ചിന് ബിജാപൂരിൽ വെടിയേറ്റു മരിച്ചിരുന്നു. നാരായൻപൂർ ജില്ലാ ബി.ജെ.പി ഉപാധ്യക്ഷനായിരുന്ന സാഗർ സാഹു പത്തിന് വീട്ടിൽവച്ചും കൊല്ലപ്പെട്ടു.

Summary: Another BJP leader killed allegedly by Maoists in Chhattisgarh, third in the month

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News