ഹിന്ദുരാഷ്ട്രത്തിനായി ഒരുമിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ; വ്യക്തിപരമായ അഭിപ്രായമെന്ന് പാര്‍ട്ടി
ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് എം.എല്‍.എ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
റായ്പൂര്‍: ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തെ പിന്തുണച്ച് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ അനിത യോഗേന്ദ്ര ശര്‍മ. ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റായ്പുരില്‍ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഛത്തീസ്ഗഢിലെ ധര്‍സിന്‍വയില്‍ നിന്നുള്ള എം.എല്‍.എയാണ് അനിത ശര്‍മ.
"നമ്മളെല്ലാം എവിടെയായിരുന്നാലും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കണം. നമ്മൾ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കൾ ഒരുമിച്ച് നിന്നാൽ മാത്രമേ അത് സാധ്യമാകൂ"- എന്ന് എം.എല്‍.എ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
അതേസമയം അനിത ശര്‍മയെ തള്ളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. എം.എല്‍.എ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് വക്താവ് സുശില്‍ ആനന്ദ് ശുക്ല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്‌ക്കൊപ്പമാണ്. അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേര്‍ന്ന് രൂപപ്പെടുത്തിയ ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മതേതരത്വത്തിനൊപ്പമാണ്. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്തെന്ന് എം.എല്‍.എ അവകാശപ്പെട്ടു- "വിവിധ മതക്കാര്‍ സൗഹാർദത്തോടെയാണ് രാജ്യത്ത് ജീവിക്കുന്നത്. ആരെയും തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളെ ഒന്നിപ്പിക്കാൻ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നു. കാരണം ബി.ജെ.പിയിൽ പെട്ട കുറച്ച് ആളുകൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു".