പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി

പ്രതികൾ കുട്ടിയെ സോലാപൂരിൽ നിന്നുള്ള ദമ്പതികൾക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി

Update: 2024-04-30 10:59 GMT
Advertising

പൂനെ: രണ്ട് ദിവസം മുൻപ് പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള ആൺകുട്ടിയെ കർണാടകയിലെ ബിജാപൂരിൽ നിന്ന് സിറ്റി പോലീസ് രക്ഷപ്പെടുത്തി. പ്രതിയും കൂട്ടാളികളും കുട്ടിയെ സോലാപൂരിൽ നിന്നുള്ള ദമ്പതികൾക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. കർണാടകയിലെ ബിജാപൂർ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

റിസർവേഷൻ ഓഫീസിന് പുറത്തുള്ള തുറസ്സായ സ്ഥലത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ശ്രാവൺ അജയ് തെലാംഗ് എന്ന ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുടുംബം മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ളവരാണ്. ബന്ധുവിനെ കാണാനായാണ് ഇവർ പൂനെയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി. കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സോലാപൂരിൽ നിന്നുള്ള ചില പ്രതികൾക്ക് കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തങ്ങൾക്ക് ഉടൻ ലഭിക്കുമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്മർത്താന പാട്ടീൽ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അജ്ഞാതനായ ഒരു വ്യക്തി ഉറങ്ങിക്കിടന്ന കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്നതായി കണ്ടെത്തി. ബിജാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിലേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയതെന്ന് സാങ്കേതിക തെളിവുകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. ഒരു സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും 24കാരനായ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെന്ന് പൂനെ സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News