സി.എം ഇബ്രാഹിമിനെ ജെഡിഎസ് കർണാടക അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി
മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതായി എച്ച്.ഡി.ദേവഗൗഡ അറിയിച്ചു
ബെംഗളൂരു: എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാനുള്ള ജെ.ഡി.എസ് തീരുമാനത്തിന് പിന്നാലെ കർണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് സി.എം.ഇബ്രാഹിമിനെ നീക്കി. പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടതായും മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതായും ദേവഗൗഡ അറിയിച്ചു.
പാർട്ടിയെ ശക്തിപ്പെടുത്താൻ പഴയ കമ്മിറ്റിയെ പിരിച്ചുവിട്ടെന്നും തന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. തന്‍റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റി പാർട്ടിയെ ശക്തിപ്പെടുത്തും. പാർട്ടിയുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-ജെഡിഎസ് സഖ്യത്തെ ഇബ്രാഹിം ശക്തമായി എതിർത്തതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയത്.
എന്നാൽ എൻ.ഡി.എ സംഖ്യത്തെ എതിർക്കുന്നവരുമായി കൂടികാഴ്ച നടത്തിയ ശേഷം താനാണ് യഥാര്‍ത്ഥ ജെ.ഡി.എസിന്‍റെ പ്രസിഡന്‍റെന്നും പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും തനിക്കൊപ്പമാണെന്നും സി.എം ഇബ്രാഹിം അവകാശപ്പെട്ടിരുന്നു.
പാര്‍ട്ടി കുടുംബസ്വത്തല്ല. എന്‍.ഡി.എയുടെ ഭാഗമാകാനുള്ള തീരുമാനം പാര്‍ട്ടിയുടേതല്ല. അത് കുമാരസ്വാമിയുടെ സ്വന്തം നിലക്കുള്ള തീരുമാനം മാത്രമാണ്. ഭൂരിപക്ഷം നേതാക്കളും തന്നോടൊപ്പമുണ്ട്. 28 ജില്ലകളില്‍നിന്നുള്ള നേതാക്കളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും സി.എം ഇബ്രാഹിം അവകാശപ്പെട്ടു. എന്‍.ഡി.എക്കൊപ്പം പോയാല്‍ അംബാസഡര്‍, ഗവര്‍ണര്‍ സ്ഥാനങ്ങള്‍ തനിക്കും വാഗ്ദാനം ചെയ്തിരുന്നതായും സി.എം ഇബ്രാഹിം പറഞ്ഞിരുന്നു. കേരള ഘടകവും വ്യക്തമായി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെ.ഡി.എസ് കേരള ഘടകം ആര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കണമെന്നും സി.എം ഇബ്രാഹീം പറഞ്ഞു.