തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷം; നിരവധിപേർക്ക് പരിക്ക്
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം നടന്നതെന്ന് കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ആരോപിച്ചു.
ഗുവാഹതി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയിൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മജിലിഷ്പുർ മണ്ഡലത്തിലെ മോഹൻപുരിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ അരമണിക്കൂറോളം ഏറ്റുമുട്ടി. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് അജയ് കുമാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.
പരിക്കേറ്റ നിരവധി പാർട്ടി പ്രവർത്തകർ ഇപ്പോഴും റാണിർബസാർ പോലീസ് സ്റ്റേഷനിലുണ്ടെന്ന് കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ബർമാൻ പറഞ്ഞു. പ്രദേശത്ത് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകൻമാർ സംഘടിച്ചു നിൽക്കുന്നതിനാൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം നടന്നതെന്നും സുദീപ് റോയ് ആരോപിച്ചു. സംഘർഷമുണ്ടായ മജ്‌ലിഷ്പുർ അടക്കം അഞ്ച് മണ്ഡലങ്ങളിൽ മറ്റൊരു തിയതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 16-ാണ് ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരക്ക് പുറമെ നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് വൈകീട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 27-നാണ് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.