പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം; സര്‍ക്കാറിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്
ഉദ്ഘാടകനായി പ്രധാന മന്ത്രിയെ നിശ്ചയിച്ചതും ഉദ്ഘാടനത്തിന് സവർക്കറുടെ ജന്മദിനം തെരഞ്ഞെടുത്തതുമാണ് വിമർശനങ്ങൾക്ക് കാരണം
ഡൽഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സംബന്ധിച്ച് സര്‍ക്കാറിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്. ഉദ്ഘാടകനായി പ്രധാന മന്ത്രിയെ നിശ്ചയിച്ചതും ഉദ്ഘാടനത്തിന് സവർക്കറുടെ ജന്മദിനം തെരഞ്ഞെടുത്തതുമാണ് വിമർശനങ്ങൾക്ക് കാരണം. കോൺഗ്രസിന് പിന്നാലെ മറ്റ് പ്രതിപക്ഷ പാർട്ടികളും എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
വോട്ടിനു വേണ്ടിയുള്ള രാഷ്ട്രീയ നാടകമാണ് പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് കോൺഗ്രസിൻ്റെ ആരോപണം. പാർലമെൻ്റ് മന്ദിരം പ്രധാന മന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് കോൺഗ്രസ് അധ്യക്ഷന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഇന്നലെ രാഹുൽ ഗാന്ധിയും സമാന നിലപാട് സ്വീകരിച്ചിരുന്നു. ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ ജന്മദിനമാണ് പാർലമെൻ്റ് ഉദ്ഘാദനത്തിനായി തെരഞ്ഞെടുത്തത് എന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രസ്താവനയ്ക്ക് എതിരെയും പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്.
രാജ്യസഭയുടെതോ ലോക്സഭയുടെയോ അധ്യക്ഷനാണ് ഉദ്ഘാടനം നിർവഹിക്കേണ്ടത് എന്ന് എഐഎംഎംഎം നേതാവ് അസദുദ്ദീൻ ഓവൈസിയും വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിനെ കൂടാതെ തൃണമൂൽ കോൺഗ്രസ് ആണ് ഉദ്ഘാടന ദിവസം തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധം അറിയിച്ചത്. രാജ്യത്തിൻ്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. സംയുക്ത പാർലമെൻ്റ് ചേരുമ്പോൾ 1280 അംഗങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കെട്ടിടത്തിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.