'മമതയുടെ ഏജന്‍റ് ഗോ ബാക്ക്': ചിദംബരത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍

ചിദംബരത്തെപ്പോലുള്ളവർ കാരണമാണ് പശ്ചിമ ബംഗാളിൽ പാർട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്തതെന്ന് ഒരു അഭിഭാഷകന്‍

Update: 2022-05-04 15:40 GMT
Advertising

കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരെ മുദ്രാവാക്യം വിളിച്ച് അഭിഭാഷകര്‍. കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരാണ് മുദ്രാവാക്യം വിളിച്ചത്. ചിദംബരം കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു പ്രതിഷേധം. മമതയുടെ ഏജന്‍റ് തിരിച്ചു പോവുക എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നത്.

ചിദംബരത്തെപ്പോലുള്ളവർ കാരണമാണ് പശ്ചിമ ബംഗാളിൽ പാർട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്തതെന്ന് ഒരു അഭിഭാഷകന്‍ പറയുന്നത് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വിഡിയോയില്‍ കാണാം- "തൃണമൂൽ കോൺഗ്രസ് (ടിഎംസി) കൊള്ളയടിച്ചു. നിങ്ങൾ ടി.എം.സിയെ രക്ഷിക്കുന്നു. നിങ്ങളെപ്പോലുള്ള നേതാക്കള്‍ കാരണമാണ് പശ്ചിമ ബംഗാളിൽ ഞങ്ങൾ കഷ്ടപ്പെടുന്നത്. നിങ്ങളെപ്പോലുള്ളവർ കാരണമാണ് ബംഗാളിൽ പാർട്ടി കഷ്ടപ്പെടുന്നത്. നിങ്ങൾ മമത ബാനർജിയുടെ ഏജന്‍റാണ്"- എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

കെവന്‍റര്‍ എന്ന കമ്പനിക്ക് വേണ്ടിയാണ് ചിദംബരം ഇന്ന് കോടതിയില്‍ ഹാജരായത്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്കായി ചിദംബരം ഹാജരായതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. അഭിഭാഷകന്‍ എന്ന നിലയിലല്ല മറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് പ്രതിഷേധിച്ചതെന്ന് അഭിഭാഷകനായ കൗസ്തവ് ബാഗി പ്രതികരിച്ചു.

അഭിഭാഷകരില്‍ നിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ചിദംബരം കമ്പനിക്ക് വേണ്ടി ഹാജരായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രൊഫഷനാണെന്നും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും ചൗധരി പറഞ്ഞു.

സംസ്ഥാനവും കെവെന്‍റർ അഗ്രോയും സംയുക്തമായി കൈവശം വച്ചിരുന്ന മദർ ഡയറിയുടെ ഓഹരികൾ പശ്ചിമ ബംഗാൾ സർക്കാർ സ്വകാര്യ മേഖലയില്‍ വിറ്റുവെന്നാരോപിച്ച്, അന്വേഷണം ആവശ്യപ്പെട്ടാണ് അധിര്‍ രഞ്ജന്‍ ചൗധരി ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഓഹരി വിൽപ്പന സംസ്ഥാനത്തിന്റെ താൽപ്പര്യത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് ചൌധരിയുടെ വാദം. അതേസമയം കെവെന്‍ററിന് ഓഹരികൾ വിറ്റഴിച്ചിട്ടുണ്ടെന്നും അതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. ചിദംബരം ഹാജരായ കമ്പനിയും വാദത്തെ പിന്തുണച്ചു. ഹരജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News