കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും
നേതാക്കളുടെ പക്ഷം ചേർന്നുള്ള പ്രസ്താവനകളിലും ശശി തരൂർ ഉന്നയിച്ച വിമർശനങ്ങളിലും തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് അതൃപ്തിയുണ്ട്
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നിർദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് മധുസൂദൻ മിസ്ത്രി ഇന്ന് പരിശോധിക്കും. നേതാക്കളുടെ പക്ഷം ചേർന്നുള്ള പ്രസ്താവനകളിലും ശശി തരൂർ ഉന്നയിച്ച വിമർശനങ്ങളിലും തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് അതൃപ്തിയുണ്ട്. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ഗുജറാത്തിലായിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് ഡൽഹിയിൽ തിരിച്ചെത്തും. തെരഞ്ഞെടുപ്പ് മാർഗ നിർദേശങ്ങൾ ഇറക്കിയതിന് ശേഷവും നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ തുടരുകയാണ്. പദവികളിലിരുന്ന് സ്ഥാനാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകൾ നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിട്ടി നിർദേശം. കേരളത്തിലെ നേതാക്കളടക്കം ഇതിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രസ്താവനകൾ പരിശോധിക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് അതോറിറ്റി ഒരുങ്ങുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയുടെ ഇന്നത്തെ പ്രചാരണം അഹമ്മദബാദിലും മുംബൈയിലുമാണ്.
രാവിലെ 10.30ന് സബർമതി ആശ്രമം സന്ദർശിച്ച് കൊണ്ടാണ് ഖാർഗെ പ്രചാരണം ആരംഭിക്കുക. 11.30 ന് പി.സി.സി ഓഫീസിലെത്തി വോട്ടർമാരെ കാണും . വൈകിട്ട് അഞ്ച് മണിക്കാണ് മഹാരാഷ്ട്ര പി.സി.സി ഓഫീസിൽ വോട്ടർമാരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് ഉച്ച വരെ ചെന്നൈയിലാണ് ശശി തരൂരിന്‍റെ പ്രചാരണം.