'ഇതൊന്നും നിങ്ങളെക്കൊണ്ടാവില്ല'; മോദിക്ക് മറുപടിയായി മന്‍മോഹന്‍ സിങ്ങിന്റെ ഫോട്ടോയുമായി കോണ്‍ഗ്രസ്

'ചില ചിത്രങ്ങള്‍ അനുകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു'- എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Update: 2021-09-23 12:00 GMT
Advertising

യു.എസിലേക്കുള്ള യാത്രക്കിടെ വിമാനത്തിലിരുന്ന് 'പണിയെടുക്കുന്ന' ഫോട്ടോ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ്. മന്‍മോഹന്‍ സിങ് വിമാനത്തിലിരുന്ന് മാധ്യമങ്ങളെ കാണുന്ന ഫോട്ടോയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത്.

'ചില ചിത്രങ്ങള്‍ അനുകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു'- എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യു.എസിലേക്കുള്ള യാത്രക്കിടെ വിമാനത്തിലിരുന്ന് ഫയല്‍ നോക്കുന്ന ഫോട്ടോയാണ് മോദി പോസ്റ്റ് ചെയ്തിരുന്നത്. ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നായിരുന്നു മോദി ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി ബി.ജെ.പി നേതാക്കള്‍ ഇത് ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ ഫോട്ടോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും നിറഞ്ഞു. ഇത് ആദ്യത്തെ സംഭവമല്ലെന്നും എല്ലാ പ്രധാനമന്ത്രിമാരും ഇങ്ങനെ ചെയ്യാറുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് വന്നത്.

നരേന്ദ്ര മോദി മാത്രമല്ല, ഇന്ത്യയുടെ മറ്റു പ്രധാനമന്ത്രിമാരും യാത്രകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നുവെന്ന തെളിവുകളുമായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസും രംഗത്തുവന്നു. പ്രധാനമന്ത്രിയെന്നത് മുഴുവന്‍ സമയ ജോലിയാണെന്നും വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ അങ്ങനെ തന്നെയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ട്വീറ്റ്. മുന്‍ പ്രധാനമന്ത്രിമാരുടെ പഴയ ചിത്രങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ പഴയകാല ചിത്രങ്ങളാണ് ട്വീറ്റിനൊപ്പം ഇന്ത്യന്‍ എക്‌സപ്രസ് പങ്കുവെച്ചിരിക്കുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News