എൻഡിഎക്കെതിരായ ഏത് ദേശീയസഖ്യത്തിന്റെയും നെടുംതൂൺ കോൺഗ്രസായിരിക്കണം: തേജസ്വി യാദവ്
ബിജെപിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന 200 ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് ശ്രദ്ധകേന്ദ്രീകരിക്കണം. മറ്റു മണ്ഡലങ്ങളിൽ പ്രാദേശിക പാർട്ടികളെ ഡ്രൈവിങ് സീറ്റിൽ തുടരാൻ അനുവദിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്കെതിരായ ഏത് ദേശീയ സഖ്യത്തിന്റെയും നെടുംതൂൺ കോൺഗ്രസായിരിക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ദിവസങ്ങൾക്കുമുൻപ് കോൺഗ്രസ് പ്രതിനിധികളെ കൂടാതെ ശരത് പവാറിന്റെ വസതിയിൽ ചേര്‍ന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗം ചര്‍ച്ചയായതിനോട് പ്രതികരിക്കുകയായിരുന്നു തേജസ്വി. ഇന്ത്യയൊട്ടുക്കും സാന്നിധ്യമുള്ള ദേശീയ പാർട്ടിയാണ് കോൺഗ്രസെന്നും ദേശീയ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
200ലേറെ ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് ബിജെപിയുമായി നേർക്കുനേരാണ് ഏറ്റുമുട്ടുന്നത്. അവിടങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റു മണ്ഡലങ്ങളിൽ പ്രാദേശിക പാർട്ടികളെ ഡ്രൈവിങ് സീറ്റിൽ തുടരാൻ അനുവദിക്കുകയും വേണം. ശരത് പവാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ വിഭജിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഏകാധിപത്യ, ഫാസിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്താൻ പൊതുമിനിമം അജണ്ടയുമായി മുഴുവൻ സമാനമനസ്‌കരായ കക്ഷികളും ഒന്നിക്കണം. രാജ്യം വിഭജിക്കപ്പെടുമോ അതോ രക്ഷപ്പെടുമോ എന്ന കാര്യം 2014ലെ തെരഞ്ഞെടുപ്പ് തീരുമാനിക്കുമെന്ന് അന്നുതന്നെ ലാലുജി മുന്നറിയിപ്പ് നൽകിയതാണ്. ഇന്നിപ്പോൾ രാജ്യത്തെ ഭൂരിഭാഗം പാർട്ടികളും പൗരന്മാരും മുൻപെന്നത്തെക്കാളും ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കുകയാണ്-തേജസ്വി ചൂണ്ടിക്കാട്ടി.