പശ്ചിമ ബംഗാളിൽ പണവുമായി പിടിയിലായി; മൂന്നു എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

വാഹനത്തിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്ന് ഹൗറ പൊലീസാണ് എംഎൽഎമാരെ അറസ്റ്റു ചെയ്തിരുന്നത്

Update: 2022-07-31 07:33 GMT
Advertising

കൊൽക്കത്ത: വെസ്റ്റ് ബംഗാളിൽ പണവുമായി പിടിയിലായ ജാർഖണ്ഡ് എംഎൽഎമാർക്ക് സസ്‌പെൻഷൻ. ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്രിയിൽനിന്നുള്ള രാജേഷ് കച്ചപ്, കൊലേബിറയിൽനിന്നുള്ള നമൻ ബിക്സൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്ന് ഹൗറ പൊലീസാണ് എംഎൽഎമാരെ അറസ്റ്റു ചെയ്തിരുന്നത്.

ജാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയുടെ ഭാഗമാണിതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൗറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി എംഎൽഎമാർ എത്തിയ കാർ പൊലീസ് തടഞ്ഞത്. എംഎൽഎമാരുടെ പക്കൽ നിന്നും നിരവധി നോട്ടുകെട്ടുകൾ കണ്ടെടുത്തെന്നും പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി നോട്ടെണ്ണൽ മെഷീൻ വേണ്ടി വന്നെന്നും ഹൗറ റൂറൽ എസ്.പി സ്വാതി ഭംഗലിയ പറഞ്ഞു. കണക്കെടുപ്പിന് ശേഷം മാത്രമേ എത്ര പണം പിടിച്ചെടുത്തുവെന്ന് പറയാനാകൂവെന്നും എസ്.പി വ്യക്തമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരുടെ വാഹനം പൊലീസ് തടഞ്ഞത്. എംഎൽഎമാർക്കു പുറമേ, രണ്ടു പേർ കൂടി കാറിലുണ്ടായിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് ചെയ്തതിന് ബിജെപി നൽകിയ പാരിതോഷികമാണെന്ന് പിടിച്ചെടുത്ത പണമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിന് പിന്നാലെ വിവിധ ഇടങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. അന്വേഷണ ഏജൻസിയായ ഇഡി ചിലരെ മാത്രം പിന്തുടരുകയാണോ എന്ന ചോദ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎമാരുടെ കാറിൽ നിന്നും വൻതുക പിടികൂടിയത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News