സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ ഇഡി കുറ്റപ്പത്രം; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

മുഴുവൻ ഇ ഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്തും

Update: 2025-04-16 01:16 GMT
Editor : Lissy P | By : Web Desk
സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ ഇഡി കുറ്റപ്പത്രം; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
AddThis Website Tools
Advertising

ന്യൂഡല്‍ഹി :നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപ്പത്രം സമർപ്പിച്ചത്തിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എല്ലാ ഇഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്തും.

എഐസിസി ആസ്ഥാനത്ത് ഡൽഹി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് പ്രതിഷേധം നടക്കും. വൈകുന്നേരം യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തും. കുറ്റപത്രത്തിൽ സോണിയാ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്.5,000 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ അവകാശവാദം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജവാഹര്‍ലാല്‍ നെഹ്‌റു 1938ലാണ് പാര്‍ട്ടി മുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ 'യങ് ഇന്ത്യ കമ്പനി' ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഏറ്റെടുക്കലിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായും ആരോപണമുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ 2012ല്‍ പരാതിയുമായി രംഗത്തെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News