കോൺഗ്രസിന്‍റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും ലഖിംപുരിലെ കര്‍ഷക കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും യോഗത്തിൽ ചര്‍ച്ചയാകും.
സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും ലഖിംപുരിലെ കര്‍ഷക കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. എഐസിസി ആസ്ഥാനത്താണ് യോഗം.
ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കൾ, പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ, സ്ഥിരം പാർട്ടി അധ്യക്ഷൻ തുടങ്ങി ഇന്നത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങൾ നിരവധിയാണ്. പാർട്ടിയിൽ വിമത സ്വരം ഉയർന്നുന്ന ജി23 നേതാക്കൾക്കാണ് ഉടൻ സ്ഥിരം അധ്യക്ഷൻ വേണമെന്ന നിലപാടുള്ളത്. എന്നാൽ ഈ നേതാക്കൾക്ക് വഴങ്ങേണ്ട എന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വര്‍ഷം നവംബര്‍ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടന്‍ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിര്‍ണായകമാകും.
പഞ്ചാബിൽ സിദ്ദു വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. രാഹുലുമായി ഇന്നലെ രാത്രി വൈകിയും സിദ്ദു കൂടിക്കാഴ്ച്ച നടത്തിയത് ഭരണ തലത്തിൽ സ്വാധീനം ആവശ്യപ്പെട്ടുകൊണ്ടാണ്. ചന്നി - സിദ്ദു പോരിലേക്ക് ഇനിയും കാര്യങ്ങൾ പോയാൽ ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. പ്രവർത്തക സമിതിയിൽ ഇതിനൊരു പരിഹാരം കാണാൻ ശ്രമമുണ്ടാവും.
ലഖിംപൂരിലെ കര്‍ഷക കൊലപാതകത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ യുപിയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടിക്കൊടുത്തെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. ഇത് തുടർന്നാൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നു. ലംഖിംപൂർ വിഷയത്തിൽ അജയ് മിശ്ര രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്‍റെ തീരുമാനം.