ഗോവയിൽ ബിജെപിക്ക് വൻ തിരിച്ചടി; വനിതാ എംഎൽഎ പാർട്ടി വിട്ടു
മുൻ പരിസ്ഥിതി മന്ത്രിയായിരുന്നു
പനജി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ബിജെപിക്ക് തിരിച്ചടി നൽകി വനിതാ എംഎൽഎ അലിന സൽദാൻഹ പാർട്ടി വിട്ടു. സ്പീക്കർ രാജേഷ് പട്‌നേക്കറിന് അലിന രാജിക്കത്ത് സമർപ്പിച്ചു. ഇവർ ആം ആദ്മി പാർട്ടിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഏതു പാർട്ടിയിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
കോർടലിം മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഇവർ. മുൻ പരിസ്ഥിതി മന്ത്രിയുമായിരുന്നു. അതിനിടെ, സ്വതന്ത്ര എംഎൽഎ രോഹൻ ഖൗന്ദെ ഉടൻ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹം സ്പീക്കർക്കു മുമ്പാകെ രാജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ രോഹനെ പാർട്ടിയിലെടുക്കുന്നതിൽ പ്രാദേശിക നേതാക്കൾക്ക് എതിർപ്പുണ്ട്.
BJP MLA Alina Saldanha resigns as MLA, she submitted her resignation to speaker Rajesh Patnekar.#goa #BJP @GoaBJP #politics pic.twitter.com/KMztaN0TO5
— Herald Goa (@oheraldogoa) December 16, 2021
നേരത്തെ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതോടെ സഭയിൽ കോൺഗ്രസിന്റെ അംഗബലം മൂന്നായി ചുരുങ്ങി. ആകെ 40 സീറ്റുള്ള നിയമസഭയിൽ ബിജെപിക്ക് 27 സീറ്റുണ്ട്. കോൺഗ്രസിന് മൂന്നും ഗോവ ഫോർവേഡ് പാർട്ടിക്ക് രണ്ടും സീറ്റുണ്ട്.