'അത് അഭിപ്രായ സ്വാതന്ത്ര്യം'; അതിഷിക്കെതിരെ കോൺഗ്രസ് നേതാവ് നൽകിയ മാനനഷ്ടക്കേസ് തള്ളി ഡൽഹി കോടതി
'പ്രഥമദൃഷ്ട്യാ ഒരു കുറ്റവും കണ്ടെത്താനായിട്ടില്ലാത്തതിനാൽ ഈ കോടതി ഇതൊരു കുറ്റകൃത്യമായി പരിഗണിക്കാൻ വിസമ്മതിക്കുന്നു'- ജഡ്ജി പറഞ്ഞു.


ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അതിഷിക്കും ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനുമെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസ് കോടതി തള്ളി. ദീക്ഷിതിന്റെ പരാതി പരിഗണിക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ വിസമ്മതിച്ചു. അപകീർത്തികരമെന്ന് ആരോപിച്ച പ്രസ്താവനകൾ രാഷ്ട്രീയ വാദങ്ങൾ മാത്രമാണെന്ന് കോടതി പറഞ്ഞു.
ആം ആദ്മി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ പൊതുജനങ്ങളെ തങ്ങളുടെ വിലയേറിയ വോട്ടിന്റെ കാര്യത്തിൽ വിവേകപൂർണമായ തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും മാനനഷ്ട നിയമപ്രകാരം കൈകാര്യം ചെയ്യേണ്ട ആരോപണങ്ങളായി അവയെ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
'ക്രിമിനൽ മാനനഷ്ടത്തിന് ആവശ്യമായ ഘടകങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്താനായില്ല. ആരോപണവിധേയർ നടത്തിയ പത്രസമ്മേളനവും പ്രസ്താവനകളും എതിരാളികളും മത്സരിക്കുന്ന കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ സംവാദമല്ലാതെ മറ്റൊന്നുമല്ല. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും കണ്ടെത്താനായിട്ടില്ലാത്തതിനാൽ ഈ കോടതി ഇതൊരു കുറ്റകൃത്യമായി പരിഗണിക്കാൻ വിസമ്മതിക്കുന്നു'- ജഡ്ജി പറഞ്ഞു.
'ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനെ സഹായിക്കുന്നു' എന്ന പ്രസ്താവന ദീക്ഷിതിനെ ലക്ഷ്യം വച്ചുള്ളതോ അപകീർത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിജെപിയും കോൺഗ്രസും ആം ആദ്മിയെ പരാജയപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞത് അപകീർത്തികരമല്ല. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഉള്ളിൽ വരുന്നതാണ്'- കോടതി വ്യക്തമാക്കി.
കോൺഗ്രസിനെ കുറിച്ചുള്ള പരാമർശം ദീക്ഷിതിനെ അപകീർത്തിപ്പെടുത്തുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. ദീക്ഷിത് ബിജെപിയിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഭരണകക്ഷിയുമായി ഒത്തുകളിച്ചെന്നും അതിഷിയും സിങ്ങും ആരോപിച്ചു എന്നായിരുന്നു ദീക്ഷിത്തിന്റെ പരാതി.