ഇൻഡോർ പൊലീസിലെ 'യമരാജൻ' പശുത്തൊഴുത്ത് കഴുകുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കോവിഡ് കാലത്ത് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്താൻ യമൻ്റെ വേഷം ധരിച്ച് റോഡിലിറങ്ങിയതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

Update: 2024-10-26 17:29 GMT
Advertising

ഭോപ്പാൽ: ഇൻഡോർ പൊലീസിലെ 'യമരാജൻ' എന്നറിയപ്പെടുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ഷോക്കേറ്റു മരിച്ചു. ഹെഡ് കോൺസ്റ്റബിൾ ജവഹർ സിങ് ജദൗൻ ആണ് പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച ജൂനി ഇൻഡോർ പൊലീസ് ലൈനിലെ വീട്ടിലാണ് സംഭവം.

കോവിഡ് മഹാമാരി കാലത്ത് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്താനും വാക്‌സിനേഷൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കാനും യമൻ്റെ വേഷം ധരിച്ച് റോഡിലിറങ്ങിയതോടെയാണ് യാദവ് പ്രശസ്തനായത്.

ഹെൽമെറ്റ് ധരിക്കാൻ ഇരുചക്രവാഹന യാത്രികരെ ബോധവൽക്കരിക്കാനുള്ള കാംപയ്‌നുകളിലും അദ്ദേഹം യമവേഷം ധരിച്ച് നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് സമീപമുള്ള പശുത്തൊഴുത്ത് വൃത്തിയാക്കാൻ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നതിനിടെയാണ് ജവഹർ സിങ്ങിന് ഷോക്കേറ്റതെന്ന് ജൂനി ഇൻഡോർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അനിൽ ഗുപ്ത പറഞ്ഞു. മോട്ടോറിന്റെ വയർ വെള്ളത്തിൽ വീണതോടെയാണ് ഷോക്കേറ്റത്.

സിങ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട വഴിയാത്രക്കാരൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ തൊഴുത്തിലുണ്ടായിരുന്ന പശുക്കിടാവിനും ജീവൻ നഷ്ടമായി.

സിങ്ങിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജൂനി ഇൻഡോർ പൊലീസ് അറിയിച്ചു. നിലവിൽ ക്രൈംബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഇദ്ദേഹം മുമ്പ് എംജി റോഡ് പൊലീസ് സ്റ്റേഷനിലായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News