ഹിമാചൽപ്രദേശിൽ സി.പി.എം കൗൺസിലർ ബി.ജെ.പിയിൽ ചേർന്നു
ഷിംല കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്കിടയിലും ഷെല്ലി ശർമ നേടിയ തിളക്കമാര്‍ന്ന വിജയം ഇടതുപക്ഷം വ്യാപകമായി ആഘോഷിച്ചിരുന്നു
ഷിംല: ഹിമാചൽപ്രദേശിലെ ഷിംല മുനിസിപ്പൽ കോർപറേഷനിലെ സി.പി.എം അംഗം ബി.ജെ.പിയിൽ ചേർന്നു. സമ്മർ ഹിൽ വാർഡ് കൗൺസിലറായ ഷെല്ലി ശർമയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വമെടുത്തത്.
കഴിഞ്ഞ ദിവസം ഷിംലയിലെ പഞ്ചായത്ത് ഭവനിൽ നടന്ന ഷിംല മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഷെല്ലി ബി.ജെ.പിയിൽ ചേർന്നത്. ഹിമാചൽ പ്രദേശ് നഗര വികസന മന്ത്രി സുരേഷ് ഭരദ്വാജ്, ബി.ജെ.പി ജില്ലാ പ്രസിഡിന്റ് രവി മേത്ത തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഇടതു പാർട്ടി നേതാക്കളും ബി.ജെ.പിയിലെത്തുന്നത് അഭിമാനം നൽകുന്ന കാര്യമാണെന്ന് രവി മേത്ത ചടങ്ങിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ജയ് റാം താക്കൂറും നടത്തുന്ന വികസന പ്രവൃത്തികളിൽ പ്രചോദിതരായാണ് മറ്റു പാർട്ടിക്കാരും ബി.ജെ.പിയിലെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2017ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് സമ്മർഹില്ലിൽനിന്നുള്ള കൗൺസിലറായി ഷെല്ലി ശർമ ഷിംല മുനിസിപ്പൽ കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 31 വർഷത്തോളമായി കോൺഗ്രസ് കോട്ടയായ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണയോടെ ബി.ജെ.പി പിടിച്ചടക്കുകയും ചെയ്തിരുന്നു. കോൺഗ്രസിനേറ്റ തിരിച്ചടിക്കിടയിലും ഷെല്ലി ശർമ നേടിയ തിളക്കമാര്‍ന്ന വിജയം ഇടതുപക്ഷം വ്യാപകമായി ആഘോഷിച്ചിരുന്നു.
Summary: CPM Councillor Shelly Sharma from the Summer Hill ward of the Shimla Municipal Corporation, Himachal Pradesh, joined the BJP