സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് നടക്കും; വൈകിട്ട് പിബി യോഗം
റെഡ് വളണ്ടിയർ മാർച്ചോടെ നാളെയാണ് ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്


മധുര: സിപിഎമ്മിന്‍റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് നടക്കും. സംഘടനാ ദൗർബല്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് പിബി അംഗമായ ബി.വി രാഘവുലു ഇന്നലെ അവതരിപ്പിച്ചത്. പൊതു ചർച്ചയ്ക്ക് നാളെയാണ് മറുപടി. ഇതിനായി ഇന്ന് വൈകിട്ട് പിബി യോഗം ചേരും. പുതിയ ജനറൽ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവ സംബന്ധിച്ച ഏകദേശം ധാരണ ഇന്ന് രാത്രിയോടെ ഉണ്ടായേക്കും. റെഡ് വളണ്ടിയർ മാർച്ചോടെ നാളെയാണ് ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്.
അതേസമയം പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കിയാൽ സിപിഎം പിബിയിലും കേന്ദ്ര കമ്മിറ്റിയിലും നിന്ന് മുൻനിര നേതാക്കളെല്ലാം ഒഴിയും. 75 വയസ് നിബന്ധന കർശനമാക്കിയാൽ ഇളവ് ലഭിക്കുന്ന പിണറായി വിജയൻ ഒഴികെ ആറുനേതാക്കൾ പിബിയിൽ നിന്ന് ഒഴിയേണ്ടി വരും. പുതിയ കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് ആരൊക്കെ എന്ന കാര്യത്തിൽ ഇന്ന് രാത്രിയോടെ തീരുമാനം ഉണ്ടായേക്കാം.
75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാൽ പോളിറ്റ് ബ്യൂറോയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. 17 പിബി അംഗങ്ങളില്‍ 7 പേർ 75 വയസ് പ്രായ പരിധി കടന്നവരാണ്. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്,മുഖ്യമന്ത്രി പിണറായി വിജയന്‍,ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സർക്കാർ,സൂര്യകാന്ത് മിശ്ര,തമിഴ് മുന്‍ സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍,ബൃന്ദ കാരാട്ട്,സുഭാഷിണി അലി,എന്നിവർക്കാണ് 75 വയസ് കഴിഞ്ഞത്. പാർട്ടിയുടെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണത്തേത് പോലെ പിണറായി വിജയന് ഇത്തവണയും ഇളവ് കിട്ടിയേക്കും. ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിഞ്ഞാല്‍ അത് പോലെ രണ്ട് വനിത പ്രാതിനിധ്യം കൊണ്ട് വരേണ്ടി വരും.
ജനാധിപത്യ മഹിള അസോസിയേഷന്‍ ജനറല്‍ സെക്ട്ടറി മറിയം ധവ്ള, കെ.കെ ശൈലജ,സിഐടിയു ദേശീയ സെക്രട്ടറി,എ ആർ സിന്ധു,തമിഴ് നാട്ടിലെ മുതിർന്ന ട്രേഡ് യൂണിയന്‍ നേതാവ് യു. വാസുകി,സിഐടിയു നേതാവ് കെ ഹേമലത,എന്നിവർ പരിഗണനയിലുണ്ട്. കിസാന്‍ സഭ നേതാവ് വിജു കൃഷ്ണന്‍,തമിഴ്നാട് സംസ്ഥാനസെക്രട്ടറി പി ഷണ്‍മുഖം,ബംഗാളില്‍ നിന്നുള്ള മുന്‍ എംപി അരുണ്‍കുമാർ എന്നിവരുടെ പേര് പിബി പട്ടികയുടെ ചർച്ചയിലുണ്ട്. ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി,ബംഗാളിൽ നിന്നുള്ള തൃദീപ് ഭട്ടാചാര്യ,ജോഗേന്ദ്ര ശർമ്മ എന്നിവരേയും പരിഗണിച്ചേക്കും.
പാർട്ടി കോണ്‍ഗ്രസോടെ കേന്ദ്രകമ്മിറ്റിയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. 20 ഓളം പുതുമുഖങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ എത്തിയേക്കും. വി.എൻ വാസവൻ,എം.ബി രാജേഷ്,ടി.പി രാമകൃഷ്ണന്‍,പുത്തലത്ത് ദിനേശൻ,കെ.കെ രാഗേഷ്,പി.കെ സൈനബ, ജെ. മേഴ്സിക്കുട്ടിയമ്മ ടി.എൻ സീമ,പി.കെ ബിജു ,പി.എ മുഹമ്മദ് റിയാസ് ,എന്നിവരിൽ ചിലർക്ക് കേന്ദ്രകമ്മിറ്റിയിലേക്ക് സാധ്യതയുണ്ട്. എ.കെ ബാലനും പി.കെ ശ്രീമതിയും പ്രായപരിധിയുടെ പേരിൽ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിയും.