ഉത്തരാഖണ്ഡിൽ 170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് സർക്കാർ; ചരിത്രപരമായ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി

ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ധംസിങ് നഗർ, ബൻഭുൽപുര തുടങ്ങിയ മേഖലകളിൽ നിരവധി മദ്രസകൾ അടച്ചുപൂട്ടിയിട്ടുണ്ട്.

Update: 2025-04-14 09:59 GMT
Crackdown on Madrasas escalates in Uttarakhand
AddThis Website Tools
Advertising

ഡെറാഡൂൺ: മദ്രസകൾക്കെതിരായ നടപടികൾ ശക്തമാക്കി ഉത്തരാഖണ്ഡ് സർക്കാർ. 170 മദ്രസകളാണ് സമീപ ദിവസങ്ങളിൽ സർക്കാർ അടച്ചുപൂട്ടി സീൽ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെയോ ഉത്തരാഖണ്ഡ് മദ്രസാ ബോർഡിന്റെയോ അംഗീകാരമില്ലാതെ പ്രവർത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയത് എന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ മുസ്‌ലിം സ്ഥാപനങ്ങൾക്കെതിരെ ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നാണ് ഇമാമുമാരും മദ്രസ ഭാരവാഹികളും പറയുന്നത്.

ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിന്റെ ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ഇതിൽ പല മദ്രസകൾക്കും രജിസ്‌ട്രേഷനില്ലെന്നും കണ്ടെത്തിയെന്നും ഏഴ് മദ്രസകൾ സീൽ ചെയ്‌തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മദ്രസകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സർവേ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതെന്നാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ധംസിങ് നഗർ, ബൻഭുൽപുര തുടങ്ങിയ മേഖലകളിൽ നിരവധി മദ്രസകൾ അടച്ചുപൂട്ടിയിട്ടുണ്ട്. മറ്റു മദ്രസകൾക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ പേരിൽ കുട്ടികളെ മൗലികവാദ ചിന്തകളിലേക്ക് നയിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. മദ്രസകൾ അടച്ചുപൂട്ടിയത് ചരിത്രപരമായ ചുവടുവയ്പ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ 500 മദ്രസകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇപ്പോൾ അടച്ചുപൂട്ടപ്പെട്ട മദ്രസകളിൽ പലതും പതിറ്റാണ്ടുകളയി സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News