ഫീൻഗാൽ ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു
മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്.
ചെന്നൈ: ഫീൻഗാൽ ചുഴലിക്കാറ്റ് തീരം തൊട്ടു. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് എത്തിയത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൻറെ പ്രവർത്തനം ഡിസംബർ ഒന്നിന് പുലർച്ചെ നാല് മണി വരെ നിർത്തിവെച്ചിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 16 വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കിയിരുന്നു.
അടുത്ത 24 മണിക്കൂർ അതിശക്തമായ മഴ തുടരുമെന്നാണ് സൂചനകൾ. വെള്ളപ്പൊക്കഭീഷണിയെ തുടർന്ന് സ്കൂളുകളും കോളജുകളും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചെന്നൈയിൽ പലയിടങ്ങളിലും റെയിൽപാളങ്ങൾ വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ സർവീസുകളും താറുമാറായി. ചെന്നൈ നഗരത്തിലെ ഏഴ് അടിപ്പാതകൾ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.