യുപിയിൽ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാർഥിക്ക് ക്രൂരമർദനം
അംബേദ്കറുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റാറ്റസാക്കിയത് കണ്ടതോടെയായിരുന്നു ആക്രമണം.
ലഖ്നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാർഥിക്ക് ക്രൂരമർദനം. കാൺപൂരിലാണ് സംഭവം. 16കാരനായ കുട്ടിക്കാണ് ഒരു സംഘം മുതിർന്ന വിദ്യാർഥികളുടെ മർദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ബി.ആർ അംബേദ്കറുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചതെന്ന് ഘതംപൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ രഞ്ജീത് കുമാർ പറഞ്ഞു.
തുടർന്ന് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികൾ തന്നെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.