ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശനം അനുവദിച്ചു; വിഗ്രഹം എടുത്ത് മാറ്റി ഒരുവിഭാഗം

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സംഘർഷാവസ്ഥ

Update: 2024-11-11 09:39 GMT
Advertising

മാണ്ഡ്യ: ദലിതർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചതിന് പിന്നാലെ കർണാടക മാണ്ഡ്യ ജില്ലയിലെ ഹനകെരെ ഗ്രാമത്തിൽ സംഘർഷാവസ്ഥ. നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലാണ് ജില്ലാ ഭരണകൂടം ദലിതർക്ക് പ്രവേശനം അനുവദിച്ചത്.

ഇതിന് പിന്നാലെ സവർണ ജാതിവിഭാഗത്തിൽപ്പെട്ട ചിലർ എതിർപ്പുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു വിഭാഗം വിഗ്രഹം എടുത്ത് മാറ്റി. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് എല്ലാവർക്കും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.

പണ്ട് മുതലെ ദലിതർക്ക് വിലക്കുള്ള ക്ഷേത്രമാണിത്. ഈ അടുത്ത് സംസ്ഥാന റിലീജിയസ് എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിൽ ക്ഷേത്രം നവീകരിച്ചിരുന്നു. തുടർന്നാണ് ദലിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ സവർണവിഭാഗത്തിൽ നിന്നുള്ളവർ എതിർപ്പുമായി രംഗത്തെത്തിയിരിന്നു. പാരമ്പര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. ക്ഷേത്രനവീകരണത്തിന് പണം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് തുടർന്ന് ​വിഗ്രഹം മാറ്റി. ക്ഷേത്രം അവർക്കും പ്രതിഷ്ഠ ഞങ്ങൾക്കുമെന്ന് പറഞ്ഞായിരുന്നു വിഗ്രഹം നീക്കിയത്.

സംഘർഷം ഉടലെടുത്തതോടെ ഏതാനും മണിക്കൂറുകളോളം ക്ഷേത്രം അടച്ചിട്ടു. ചർച്ചകൾക്കൊടുവിലാണ് എല്ലാ ജാതിയിൽപ്പെട്ട ഭക്തർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാമെന്ന തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് ക്ഷേത്രം തുറന്നത്. മുൻകരുതലിന്റെ ഭാഗമായി ഗ്രാമത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News