എക്സിറ്റ് പോൾ: ഇൻഡ്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഡി.ബി ലൈവ് സർവേ

എക്സിറ്റ് പോൾ ഫലം ഇൻഡ്യാ മുന്നണിയുടെ നിരവധി നേതാക്കൾ പങ്കുവച്ചിട്ടുണ്ട്

Update: 2024-06-02 07:59 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചതിന് പിന്നാലെ വിവിധ ഏജൻസികൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. എൻ.ഡി.എ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് മിക്കവരുടെയും പ്രവചനം.

ഇതിൽ നിന്ന് വ്യത്യസ്തമായ ഫലമാണ് ഡി.ബി ലൈവ് പുറത്തുവിട്ടത്. ഇൻഡ്യാ മുന്നണി 260 മുതൽ 295 വരെ സീറ്റ് നേടുമെന്ന് ഇവർ പ്രവചിക്കുന്നു. എൻ.ഡി.എക്ക് ലഭിക്കുന്ന സീറ്റ് 215 മുതൽ 245 വരെയാകും.

തമിഴ്നാട്ടിൽ 37 മുതൽ 39 വരെ സീറ്റ് ഇൻഡ്യാ മുന്നണിക്ക് ലഭിക്കും. ഒരു സീറ്റാണ് എൻ.ഡി.എക്കുള്ളത്. മഹാരാഷ്ട്രയിൽ ഇൻഡ്യാ മുന്നണി 28-30 സീറ്റുകൾ വരെയും എൻ.ഡി.എ ഏകദേശം 20 സീറ്റുകളുമാണ് നേടുക.

ബിഹാറിലും കർണാടകയിലും ഇൻഡ്യാ മുന്നണിക്ക് തന്നെയാണ് മേധാവിത്വം. ബിഹാറിൽ എൻ.ഡി.എ 14-16, ഇൻഡ്യാ മുന്നണി 24-26 എന്നിങ്ങനെയാണ് പ്രവചനം. കർണാടകയിൽ എൻ.ഡി.എ 8-10, ഇൻഡ്യാ മുന്നണി 18-20 എന്നിങ്ങനെയും പ്രവചിക്കുന്നു. രാജസ്ഥാനിൽ എൻ.ഡി.എ 17-19, ഇൻഡ്യാ മുന്നണി 6-8 എന്നിങ്ങനെയാകും സീറ്റ് നില.

കേരളത്തിൽ 16-18 വരെ സീറ്റുകൾ യു.ഡി.എഫ് നേടും. എൽ.ഡി.എഫിന് 2-3 സീറ്റുകളാണ് സാധ്യത. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്.

ഉത്തർ പ്രദേശിൽ എൻ.ഡി.എക്ക് 46-48 സീറ്റുകളും ഇൻഡ്യാ മുന്നണിക്ക് 32-34 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 26-28, ബി.ജെ.പി 11-13, കോൺഗ്രസ് 2-4 എന്നിങ്ങനെയാണ് പ്രവചനം. 

പഞ്ചാബിൽ ആം ആദ്മി പാർട്ടി 6-8 സീറ്റുകളും കോൺഗ്രസ് 5-7 ഏഴ് സീറ്റുകളും നേടും. ഒഡിഷയിൽ ബി.ജെ.ഡി 12-14, ബി.ജെ.പി 6-8, കോൺഗ്രസ് 0-2 എന്നിങ്ങനെയാണ് സീറ്റ് നില. മധ്യപ്രദേശിലും ഗുജറാത്തിലും എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്നും സർവേയിൽ പറയുന്നു.

ഡി.ബി ലൈവിന്റെ എക്സിറ്റ് പോൾ ഫലം ഇൻഡ്യാ മുന്നണിയുടെ നിരവധി നേതാക്കൾ പങ്കുവച്ചിട്ടുണ്ട്. ദേശബന്ധു പത്രത്തിന്റെ ഡിജിറ്റൽ ചാനലാണ് ഡി.ബി ലൈവ്. നിലവിൽ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുരിൽ നിന്ന് 1959 പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണിത്. റായ്പുരിന് പുറമെ ബിലസ്പുർ, ഭോപ്പാൽ, ജബൽപുർ, സാഗർ, സത്ന, ന്യൂഡൽഹി എന്നിവിടങ്ങളിൽ പത്രത്തിന് എഡിഷനുണ്ട്.

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News