രാജ്യത്ത് കോവിഡ് മരണം ഇരട്ടിയായേക്കും; രണ്ട് മാസത്തിനിടെ മരിച്ചത് 8 ലക്ഷം പേര്‍
ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസവും മൂലമാണ് ഉണ്ടായത്
രാജ്യത്ത് ഏപ്രിൽ,മെയ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത് 8 ലക്ഷം മരണങ്ങളെന്ന് ദേശീയ ആരോഗ്യമിഷൻ. മരണ നിരക്ക് കൂടാൻ കാരണം കോവിഡാണെന്നാണ് വിലയിരുത്തൽ.
ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസവും മൂലമാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ മാസങ്ങളിൽ മരിച്ചത് നാല് ലക്ഷത്തിൽ താഴെ പേരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്ന് ആരോഗ്യമിഷന്‍റെ കണക്കുകളിൽ നിന്നും വ്യക്തമാണ്. ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം ഇപ്പോഴത്തെ ഔദ്യോഗിക കണക്കനുസരിച്ച് 1,68,927 പേരാണ് മരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,766 പേർക്ക് 1206 മരണം കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,55,033 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.48 ശതമാനം. രാജ്യത്താകമാനം ഇതുവരെ 2,99,33,538 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേർ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 97.2% ആയി വർദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.34 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.19%, തുടർച്ചയായ 19-ാം ദിവസവും 3 ശതമാനത്തിൽ താഴെയാണ്. ആകെ നടത്തിയത് 42.9 കോടി പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി 37.21 കോടി ഡോസ് വാക്സിൻ ഇതുവരെ നല്‍കിയിട്ടുണ്ട്.