'വാട്‌സ്ആപ്പ് ചാറ്റുകൾ തെളിവല്ല'; ഡൽഹി കലാപത്തിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ 12 ഹിന്ദുത്വസംഘടനാ പ്രവർത്തകരെ കോടതി വെറുതെവിട്ടു
കൊലപാതകം നടത്തിയെന്ന് സമ്മതിക്കുന്ന പ്രതിയുടെ വാട്സ്ആപ്പ് ചാറ്റ് പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല.


ന്യൂഡൽഹി: 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ അഴുക്കുചാലുകളിൽ തള്ളിയ കേസിൽ കുറ്റാരോപിതരായ 12 ഹിന്ദുത്വസംഘടനാ പ്രവർത്തകരെ ഡൽഹി കോടതി കുറ്റവിമുക്തരാക്കി. കൊലപാതകങ്ങൾ സമ്മതിച്ചുകൊണ്ടുള്ള വാട്ട്സ്ആപ്പ് ചാറ്റുകൾ തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെവിട്ടത്.
പ്രതികളിലൊരാളായ ലോകേഷ് സോളങ്കി കൊലപാതകം സ്വയം സമ്മതിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കുറ്റാരോപിതർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നതിന് തെളിവായി ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പുലസ്ത്യ പ്രമചാല പറഞ്ഞു. പ്രതികൾക്കെതിരായ കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
ലോകേഷ് സോളങ്കി, പങ്കജ് ശർമ, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, ഹിമാൻഷു ഠാക്കൂർ, വിവേക് പഞ്ചൽ, റിഷഭ് ചൗധരി, സുമിത് ചൗധരി, ടിങ്കു അറോറ, സന്ദീപ്, സഹിൽ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
ആമിൻ, ഭൂരെ അലി എന്നിവരാണ് കലാപത്തിനിടെ കൊല്ലപ്പെട്ടത്. 2020 മാർച്ച് ഒന്നിന് ഭഗീരഥി വിഹാറിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 2020 ഫെബ്രുവരി 25ന് രാത്രി 9.30ന് ബ്രിജ്പൂരി പുലിയ പാലത്തിന് സമീപത്ത് കൂടെ നടക്കുമ്പോഴാണ് കലാപകാരികൾ ആമിനെ കൊലപ്പെടുത്തിയത്.
പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ഈ കൊലപാതകവുമായി ബന്ധപ്പെട്ടാണെന്ന് പറയാനാവില്ല. കൂട്ടുകാർക്കിടയിൽ പൊങ്ങച്ചം കാട്ടാൻ വേണ്ടിയും ആളുകൾ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. കുറ്റകൃത്യത്തിൽ പ്രതികൾ നേരിട്ട് പങ്കെടുത്തുവെന്ന് തെളിയിക്കാൻ ഈ ചാറ്റുകൾ മതിയാവില്ലെന്നും കോടതി വ്യക്തമാക്കി.