സ്കൂള്‍ പ്രിൻസിപ്പലിനെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എ.എ.പി എം.എൽ.എയും ഭാര്യയും കുറ്റക്കാരെന്ന് കോടതി
ഇരുവര്‍ക്കും പരമാവധി ഏഴു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും
ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അബ്ദുൾ റഹ്മാനും ഭാര്യ അസ്മയും കുറ്റക്കാരാണെന്ന് ഡൽഹി കോടതി. 2009 ഫെബ്രുവരി 4 നാണ് കേസിന് ആസ്പദമായ സംഭവം. പരമാവധി ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുവർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിച്ചാൽ ഡൽഹി നിയമസഭയിലെ അംഗത്വത്തിൽ നിന്ന് അബ്ദുൾ റഹ്മാൻ അയോഗ്യനാക്കപ്പെടും.
എം.എൽ.എയുടെ മകൾക്ക് സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് വരാനുള്ള അനുമതി നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലായ റസിയ ബീഗത്തെ അസ്മ തല്ലിയെന്നാണ് കേസ്. ഇതിന് പിന്നാലെ എംഎൽഎ അബ്ദുൾ റഹ്മാനും മറ്റ് ചിലരും സ്‌കൂളിൽ അതിക്രമിച്ച് കയറി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്തതായും പ്രിൻസിപ്പലിന്റെ പരാതിയിലുണ്ട്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും റഹ്മാൻ വാദിച്ചു. സാക്ഷികൾ കൂറുമാറുകയും ചെയ്തിരുന്നു.
റസിയ ബീഗം ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കുന്ന മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് (എംഎൽസി) രേഖപ്പെടുത്തിയിട്ടില്ലെന്ന് എംഎൽഎയുടെയും ഭാര്യയുടെയും അഭിഭാഷകർ വാദിച്ചിരുന്നു. സംഭവം നടന്ന് അടുത്ത ദിവസമാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. അതുകൊണ്ടുതന്നെ പരാതി സത്യമല്ലെന്നും അവർ വാദിച്ചു. സാക്ഷികളെല്ലാം കൂറുമാറിയതായും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
എന്നാൽ, മറ്റെല്ലാ സാക്ഷികളും സർക്കാർ ജീവനക്കാരായതിനാൽ ഒരു എംഎൽഎയ്ക്കെതിരെ മൊഴി കൊടുക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാകാമെന്നും അതിനാൽ പരാതിക്കാരിയുടെ മൊഴി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എം.എൽ.എയുടെ എല്ലാ വാദങ്ങളും കോടതി തള്ളിക്കളഞ്ഞു. മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.