യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ഡല്‍ഹി - ദോഹ വിമാനം പാകിസ്താനില്‍ ഇറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്
ഡൽഹി: ഡൽഹിയിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിൽ അടിയന്തരമായി ഇറക്കി. നൈജീരിയന്‍ പൌരനായ അബ്ദുല്ലയ്ക്ക് (60) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും യാത്രക്കാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം യാത്രക്കാരനെ പരിശോധിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ യാത്രക്കാരന്‍റെ മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. മറ്റു യാത്രക്കാർക്ക് പകരം സൗകര്യം ഒരുക്കിയതായി ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു.
"ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്. ഞങ്ങളുടെ പ്രാർത്ഥനകള്‍ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് മറ്റ് യാത്രക്കാര്‍ക്കുള്ള ക്രമീകരണം ചെയ്തുവരികയാണ്"- ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
Summary- An IndiGo Airline Delhi-Doha flight was diverted to Karachi airport in Pakistan after a medical emergency. The passenger, a Nigerian, was declared dead on arrival by the airport medical team