ഡൽഹി തെരഞ്ഞെടുപ്പ്; ബജറ്റ് അനുകൂല തരംഗം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി, എംഎൽഎമാരുടെ രാജിയിൽ ആശങ്കയുമായി എഎപി
ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി


ന്യൂഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ആശങ്കയിലാണ്.
ഡല്‍ഹിയില്‍ 67 ശതമാനം മധ്യവർഗ കുടുംബങ്ങളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്‍കിട കമ്പനികളിലെ ജീവനക്കാരുമുള്‍പ്പെടുന്ന മധ്യവര്‍ഗ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയതില്‍ പ്രധാന ഘടകമായിരുന്നു. ഈ വോട്ടുബാങ്കില്‍ വലിയൊരു വിഭാഗം ബജറ്റ് പ്രഖ്യാപനത്തോടെ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കിക്കെ വാശിയേറിയ പ്രചാരണവുമായാണ് മുന്നണികൾ മുന്നോട്ടു പോകുന്നത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം കളത്തിലുണ്ട്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ആണ് കോൺഗ്രസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
അതേസമയം രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്. ബിജെപി സ്ഥാനാർഥികൾക്കായി ഇവർ പ്രചാരണത്തിൽ സജീവമാകുമ്പോൾ പാർട്ടി വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയാണ് എഎപിക്ക്. ഗിരീഷ് സോണി, പവൻ കുമാർ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ, മദൻ ലാൽ, രാജേഷ് ഋഷി,രോഹിത് കുമാർ, നരേഷ് യാദവ് എന്നിവരാണ് ആം ആദ്മിയിൽനിന്ന് വെള്ളിയാഴ്ച രാജിവെച്ച് ശനിയാഴ്ച ബിജെപിയിൽ അംഗത്വമെടുത്തത്.
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎമാരുടെ രാജി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ 18 എംഎൽഎമാർക്ക് മത്സരിക്കാനുള്ള അവസരം പാർട്ടി നിഷേധിച്ചിരുന്നു. അഞ്ചിനാണ് ഡല്‍ഹിയിലെ വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.