പരസ്യത്തിന് ചെലവിട്ടത് 18 കോടി; വിദ്യാഭ്യാസ ലോൺ ലഭിച്ചത് രണ്ടുപേർക്ക്!
89 അപേക്ഷകൾ ലഭിച്ചതില്‍നിന്നാണ് രണ്ടുപേര്‍ക്കു മാത്രം പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്
ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡൽഹി സർക്കാർ ആരംഭിച്ച ലോൺ പദ്ധതിക്കെതിരെ ഗുരുതരമായ ആരോപണം. അരവിന്ദ് കെജ്രിവാൾ സർക്കാർ ആരംഭിച്ച ഡൽഹി ഹയർ എജുക്കേഷൻ ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് ഗ്യാരന്റീ സ്‌കീം എന്ന പദ്ധതിയിൽ ഈ വർഷം ഇതുവരെ രണ്ടുപേർക്കു മാത്രമേ ലോൺ ലഭിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്. അതേസമയം, പദ്ധതിയുടെ പരസ്യത്തിനായി ഈ വർഷം മാത്രം കോടികളാണ് ഡൽഹി സർക്കാർ ചെലവിട്ടിരിക്കുന്നത്.
ദേശീയ മാധ്യമമായ 'ന്യൂസ് ലോണ്ട്രി'യുടെ ഹിന്ദി പതിപ്പ് ആണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പത്താം ക്ലാസ് മുതൽ കോളജ് പ്രവേശനം ലഭിക്കുന്നതുവരെയുള്ള പഠനത്തിനുള്ള സഹായമെന്ന നിലയ്ക്കാണ് കെജ്രിവാൾ സർക്കാർ 2015ൽ ലോൺ ആരംഭിച്ചത്. പത്തു ലക്ഷമാണ് ഒരു വിദ്യാർത്ഥിക്ക് ലഭിക്കുക.
വലിയ ആഘോഷമായി ആരംഭിച്ച പദ്ധതിക്കായി ഈ വർഷം 89 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ രണ്ടുപേർക്കു മാത്രമാണ് ലോൺ ലഭിച്ചത്. അതായത് പദ്ധതി വകയിൽ ഈ വർഷം 20 ലക്ഷം മാത്രമാണ് ഡൽഹി സർക്കാർ ചെലവിട്ടത്. അതേസമയം, ഇതേ കാലയളവിൽ പത്രങ്ങളിലടക്കം പദ്ധതിയുടെ പരസ്യത്തിനായി ചെലവിട്ടത് 19 കോടി രൂപയാണ്.
രാജ്യത്ത് ആദ്യമായി കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടാത്ത സാഹചര്യമാണ് വരുന്നതെന്നാണ് 2015ൽ പദ്ധതി ആരംഭിക്കുമ്പോൾ ഡൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ അവകാശപ്പെട്ടിരുന്നത്. പദ്ധതി ആരംഭിച്ച് ഒരു വർഷം കഴിഞ്ഞ് കെജ്രിവാൾ ഇതിനായി പ്രത്യേക പോർട്ടൽ ലോഞ്ച് ചെയ്യുകയും ചെയ്തിരുന്നു. ആദ്യ വർഷം 58 കുട്ടികൾ അപേക്ഷിക്കുകയും എല്ലാവർക്കും ലോൺ ലഭിക്കുകയും ചെയ്തു. 2016-17 കാലയളവിൽ 424 അപേക്ഷയിൽ 176 പേർക്കും 2017-18 കാലയളവിൽ 177 പേരിൽ 50 പേർക്കും ലോൺ ലഭിച്ചു.
2018-19 കാലയളവിൽ 139 പേർ അപേക്ഷിച്ചപ്പോൾ 44 പേർക്കാണ് ലോൺ ലഭിച്ചത്. 2019-20ൽ 146 അപേക്ഷയിൽ ലോൺ നൽകിയത് 19 പേർക്ക്. 2020-21 കാലയളവിൽ 106ൽ 14 പേർക്കുമാണ് ലോൺ ലഭിച്ചത്.
Summary: Only two students got benefit of Delhi's Arvind Kejriwal government's education loan policy,19 Cr. spent on advertisement of the scheme